
ഭോപ്പാൽ: കോൺഗ്രസിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭരണകാലത്തെ താരതമ്യം ചെയ്ത് ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയായ സാധ്വി പ്രഗ്യ സിംഗ് താക്കൂർ. കോൺഗ്രസിന്റെ 70 വർഷക്കാലത്തെ ഭരണത്തെക്കാൾ മികച്ചതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ച് വർഷത്തെ ഭരണമെന്ന് പ്രഗ്യ സിങ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രഗ്യ സിങ്.
'70 വർഷക്കാലം കോൺഗ്രസ് ഇന്ത്യ ഭരിച്ചുവെങ്കിലും ജനങ്ങളുടെ അഭിമാനത്തെയും അന്തസ്സിനെയും സംസ്കാരത്തെയും പറ്റി അവർ ഒരിക്കലും ജാഗരൂകരായിരുന്നില്ല. ശിവരാജ് സിങ് ചൗഹാന്റെ കീഴിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് മധ്യപ്രദേശിൽ വികസന പ്രവർത്തനങ്ങൾ നടന്നത്. കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ സുകന്യ സമൃദ്ധി യോജന എന്ന പേരിൽ ഒരു പദ്ധതി കൊണ്ടു വന്നു'- പ്രഗ്യ സിങ് പറഞ്ഞു.
70 വർഷത്തെ കോൺഗ്രസിന്റെ ഭരണത്തെയും മോദിയുടെ അഞ്ചു വർഷത്തെ ഭരണത്തെയും താരതമ്യം ചെയ്യണമെന്നും ആർക്കാണ് വോട്ട് നൽകേണ്ടതെന്ന് അപ്പോൾ മനസ്സിലാകുമെന്നും പ്രഗ്യ സിങ് കൂട്ടിച്ചേർത്തു. മധ്യപ്രദേശിൽ ബിജെപി മികച്ച ഭരണമാണ് കാഴ്ചവെച്ചത്. എന്നാൽ നാല് മാസത്തെ കോൺഗ്രസ് ഭരണം അത് തച്ചുടച്ചുവെന്നും പ്രഗ്യ സിങ് കുറ്റപ്പെടുത്തി.
കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും എന്നാൽ ബിജെപി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സ്ത്രീകൾക്ക് സുരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയെന്നും പ്രഗ്യ സിങ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam