
മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ കോടതിയില്‍ ഹാജരായ ഭോപ്പാല്‍ എംപി പ്രഗ്യാ സിംഗ് അഭിഭാഷകനോട് ദേഷ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കോടതിമുറിയില്‍ തനിക്ക് നല്ല കസേര കിട്ടിയില്ലെന്നാരോപിച്ചായിരുന്നു പ്രഗ്യാസിംഗിന്റെ രോഷപ്രകടനം.
അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ട് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിന് ശേഷമാണ് വെള്ളിയാഴ്‌ച്ച പ്രഗ്യാ സിംഗ് കോടതിയിലെത്തിയത്. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കോടതി വ്യാഴാഴ്‌ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. 2008 സെപ്‌റ്റംബര്‍ 29ന് നടന്ന മലേഗാവ് സ്‌ഫോടനത്തെക്കുറിച്ച് അറിവില്ലെന്നാണ് പ്രഗ്യാ സിംഗ് കോടതിയെ അറിയിച്ചത്.
'116 സാക്ഷികളെ വിസ്‌തരിച്ചതില്‍ നിന്ന് സ്‌ഫോടനം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. അത് ആരാണ് നടത്തിയതെന്ന് ഞാന്‍ ചോദിക്കുന്നില്ല. അന്ന് ഒരു സ്‌ഫോടനം നടന്നതായി താങ്കള്‍ക്ക് അറിയാമോ' എന്നായിരുന്നു എന്‍ഐഎ കോടതിയുടെ ചോദ്യം.
ജസ്‌റ്റിസ് വിഎസ് പദാല്‍ക്കര്‍ കോടതിമുറി വിട്ടുപോയതും പ്രഗ്യാ സിംഗ് തന്റെ അഭിഭാഷകനോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു. ഇരിക്കാന്‍ നല്‍കിയ കസേര പൊട്ടിയതും അഴുക്കുപിടിച്ചതുമാണ് എന്ന് പറഞ്ഞായിരുന്നു രോഷപ്രകടനം. തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാനാണെങ്കിലും കോടതി വിളിക്കുമ്പോള്‍ ഇരിക്കാന്‍ നല്ല കസേര തരണമെന്ന് പറഞ്ഞായിരുന്നു ബഹളം.
താനൊരു എംപിയാണെന്നും പ്രതികള്‍ക്ക് ഇരിക്കാന്‍ നല്ല കസേര തരാത്തത് മനുഷ്യാവകാശപ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടുമെന്നും പറഞ്ഞായിരുന്നു പ്രഗ്യാ സിംഗ് ദേഷ്യപ്പെട്ടതെന്ന് അഭിഭാഷകന്‍ രഞ്‌ജീത് സാംഗ്ലെ പറഞ്ഞു. എംപിയായതുകൊണ്ട് പ്രത്യേക ഇരിപ്പിടം കിട്ടണമെന്നില്ലെന്നും കസേരയ്‌ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ ജഡ്‌ജിയോട് പറയാമായിരുന്നല്ലോ എന്നും എന്‍ഐഎ അഭിഭാഷകന്‍ അവിനാഷ് റസല്‍ അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ കോടതിമുറിയില്‍ സൗകര്യാനുസരണം നില്‍ക്കാനുള്ള അനുവാദം പ്രഗ്യാ സിംഗിന് ലഭിക്കുമായിരുന്നല്ലോ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam