
ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച ആദ്യത്തെ പോസ്റ്റിൽ വിശദീകരണവുമായി നടൻ പ്രകാശ് രാജ്. ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ(എക്സ്) കുറിച്ചു. വിദ്വേഷം വെറുപ്പിനെ മാത്രമേ കാണുകയുള്ളു.. വിമർശിക്കുന്നവർ ഏത് 'ചായ് വാല'യെയാണ് കണ്ടതെന്ന് തനിക്കറിയില്ല. തമാശ പറയുന്നത് മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾ തന്നെ ഒരു തമാശയാണെന്നും പ്രകാശ് രാജ് കുറിച്ചു.
'പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്" എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമായിരുന്നു പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. മൂന്നാം ചന്ദ്രയാൻ ദൗത്യം ചന്ദ്രനിൽ മറ്റന്നാൾ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ് ചർച്ചാ വിഷയമാകുന്നത്. രൂക്ഷവിമർശനമാണ് പല കോണുകളിൽ നിന്നും പ്രകാശ് രാജിന്‍റെ പ്രതികരണത്തിനെതിരെ ഉയരുന്നത്.
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്‍റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ ചിലർ പ്രതികരിച്ചിരുന്നു.
അതേസമയം, രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ലാൻഡറിലെ ഓരോ ഉപകരണത്തിന്റെയും പ്രവർത്തനം ഇസ്രൊ വിലയിരുത്തി. മറ്റൊരു രാജ്യത്തിനും ഇറങ്ങാൻ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണ് ഇന്ത്യൻ ദൗത്യത്തിന്റെ ലക്ഷ്യം ആഗസ്റ്റ് 23ന് വൈകിട്ട് 5.45 നാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടങ്ങുക. ആറേ നാലോടെ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് ഇസ്രൊ അറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam