പ്രശാന്ത് ഭൂഷണെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ്; ഇന്ന് സുപ്രീംകോടതി പരിഗണിക്കും

By Web TeamFirst Published Sep 10, 2020, 8:52 AM IST
Highlights

2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസുമാരിൽ ചിലർ അഴിമതിക്കാരാണൊന്ന് പ്രശാന്ത്ഭൂഷൺ പറഞ്ഞിരുന്നു. അതിനെതിരെയുള്ള കോടതിയലക്ഷ്യ കേസാണ് ഇന്ന് പരിഗണിക്കുന്നത്. 

ദില്ലി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതിയിലെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ‌് പരിഗണിക്കുക. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന് പുതിയ ബെഞ്ച് തീരുമാനിക്കും.

വിരമിക്കുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുൺ മിശ്ര വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. 2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസുമാരിൽ ചിലർ അഴിമതിക്കാരാണൊന്ന് പ്രശാന്ത്ഭൂഷൺ പറഞ്ഞിരുന്നു.

അതിനെതിരെയുള്ള കോടതിയലക്ഷ്യ കേസാണ് ഇന്ന് പരിഗണിക്കുന്നത്. നേരത്തെ, മറ്റൊരു കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി വിധി പറഞ്ഞിരുന്നു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഒരു ആഡംബര ബൈക്കിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത്, 'കോടതിക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കൊവിഡ് കാലത്ത് ഒരു ബിജെപി നേതാവിന്‍റെ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിൽ മാസ്കും ഹെൽമറ്റും ഇല്ലാതെ ചീഫ് ജസ്റ്റിസ് ഇരിക്കുന്നു' എന്ന പരാമര്‍ശം നടത്തിയതിനാണ് പ്രശാന്ത് ഭൂഷണിനെതതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.

ട്വിറ്റര്‍ പരാമര്‍ശത്തിലൂടെ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. സെപ്തംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പ്രാക്ടീസിൽ നിന്ന് വിലക്കുകയും ചെയ്യുമെന്നാണ് വിധി. ഇതനുസരിച്ച് അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നു.

കോടതി വിധിക്കെതിരെ നിയമപോരാട്ടങ്ങൾ തുടരുമെന്നും പുനപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ വിധി വന്നതിന് പിന്നാലെ പറഞ്ഞിരുന്നു. സത്യം വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുർബലമായാൽ രാജ്യത്തെ ഓരോ പൗരനെയും അത് ബാധിക്കും. കോടതിയലക്ഷ്യ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയായിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

click me!