തടങ്കല്‍ പാളയം ഇല്ലെന്ന് പ്രധാനമന്ത്രി; അസമില്‍ നിര്‍മ്മിക്കുന്ന അത്തരം കേന്ദ്രത്തിന്‍റെ ചിത്രവുമായി പ്രശാന്ത് ഭൂഷണ്‍

By Web TeamFirst Published Dec 23, 2019, 10:54 AM IST
Highlights

എന്‍ ആര്‍ സിയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി തടങ്കല്‍ പാളയം ഇല്ലെന്നാണ് മോദി അവകാശപ്പെട്ടത്. എന്നാല്‍ 3000 അധികം ആളുകളെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ അസമില്‍ നിര്‍മ്മിച്ച ക്യാംപ് ഒരു മാസം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ എന്ന കുറിപ്പോടെയാണ് ചിത്രം പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

ദില്ലി: എന്‍ ആര്‍ സിയില്‍ നിന്ന് പുറത്ത് പോകുന്നവരെ തടങ്കലില്‍ പാര്‍പ്പിക്കുമെന്ന വാദങ്ങള്‍ക്കിടെ അസമില്‍ നിര്‍മ്മിക്കുന്ന അത്തരം കേന്ദ്രത്തിന്‍റെ ചിത്രവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലാണ് നിര്‍മ്മാണം പുരോഗമിക്കുന്ന തടങ്കല്‍ കേന്ദ്രത്തിന്‍റെ ചിത്രം പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ചിരിക്കുന്നത്. 

എന്‍ ആര്‍ സിയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി തടങ്കല്‍ പാളയം ഇല്ലെന്നാണ് മോദി അവകാശപ്പെട്ടത്. എന്നാല്‍ 3000 അധികം ആളുകളെ പാര്‍പ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ അസമില്‍ നിര്‍മ്മിച്ച ക്യാംപ് ഒരു മാസം മുന്‍പ് സന്ദര്‍ശിച്ചപ്പോള്‍ എന്ന കുറിപ്പോടെയാണ് ചിത്രം പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

Modi said that there is no detention centre being planned for those left out of NRC. This is a huge detention centre (for 3000 detenues) being built in Assam which I visited a month ago pic.twitter.com/OpHDJz09kL

— Prashant Bhushan (@pbhushan1)

ഇന്ത്യ പിടികൂടുന്ന വിദേശ പൗരന്മാരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങൾ രാജ്യത്തില്ലെന്നും എൻആർസിയെക്കുറിച്ച് സർക്കാരോ പാർലമെന്റോ ആലോചന പോലും നടത്തിയിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വാദിച്ചത്. എന്നാല്‍ ഈ പ്രസ്താവന നേരത്തെ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാർ നൽകിയ മറുപടികളിലും കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുമുള്ള വിവരങ്ങൾക്കെതിരാണ്. 

അസമിലെ 6 തടങ്കൽ പാളയങ്ങളിലായി 988 വിദേശികളുണ്ടെന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കിയിരുന്നു. ഇത്തരം തടങ്കൽ പാളയങ്ങൾ സജ്ജമാക്കാൻ കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചിട്ടുള്ളതായി മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ നൽകിയ മറുപടി വിശദമാക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന കർണാടകയിൽ, 35 താൽക്കാലിക തടങ്കൽ പാളയങ്ങൾ ഒരുക്കിയെന്നാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. 

ഏഴു ഫുട്ബോൾ മൈതാനത്തിന്‍റെ വലുപ്പമുള്ള തടവറ അസമിന്‍റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഒരു നദിയോട് ചേര്‍ന്നുള്ള വനം വെട്ടിത്തെളിച്ച് ഒരുക്കുന്നുവെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 

click me!