
ദില്ലി: പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനകളും വിശദീകരണവും വേദനാജനകമെന്ന് ജസ്റ്റിസ് അരുൺമിശ്ര. 30 വർഷത്തെ പരിജയസമ്പത്തുള്ള പ്രശാന്ത് ഭൂഷണിനെ പോലെയുള്ള മുതിർന്ന അഭിഭാഷകനിൽ ഇങ്ങനെയാണോ പെരുമാറേണ്ടത്. രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മിൽ വ്യത്യാസമുണ്ട്. എല്ലാറ്റിനും മാധ്യമങ്ങൾക്ക് മുന്നിലേക്ക് പോകുന്നത് തെറ്റാണ്. അത്തരം നീക്കങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാകില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിനെ കോടതി ശിക്ഷിച്ചേക്കുമെന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചന.
പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കുകയാണെങ്കിൽ എന്ത് ശിക്ഷ നൽകണം എന്ന് ജസ്റ്റിസ് അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ചിരുന്നു. കോടതിക്ക് പ്രശാന്ത് ഭൂഷണോട് സംസാരിക്കണമെങ്കിൽ ഭൂഷൺ അതിന് തയ്യാറാണ് എന്നായിരുന്നു രാജീവ് ധവാന്റെ മറുപടി. എന്തിന് പ്രശാന്ത് ഭൂഷണെ ബുദ്ധിമുട്ടിക്കണം എന്ന് കോടതി തിരിച്ചു ചോദിച്ചു. ജയിലിലേക്ക് അയച്ച് പ്രശാന്ത് ഭൂഷണിനെ രക്തസാക്ഷിക്കാരുത് എന്ന് രാജീവ് ധവാൻ അഭിപ്രായപ്പെട്ടു. രക്തസാക്ഷിയാകാൻ പ്രശാന്ത് ഭൂഷണിനും ആഗ്രഹമില്ല എന്ന് ധവാൻ പറഞ്ഞു.
വ്യക്തിയുടെ വലിപ്പമോ സ്വാധീനമോ നോക്കിയല്ല ശിക്ഷ നൽകുന്നത് എന്ന് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകർ ജുഡീഷ്യറിയുടെ ഭാഗമാണ്. അവർ തന്നെ ജുഡീഷ്യറിയെ തകർക്കാൻ ശ്രമിച്ചാൽ എന്താകും സ്ഥിതി. ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം ഇല്ലാതാകും. ജഡ്ജിമാർ മാധ്യമങ്ങൾക്ക് മുന്നിൽ പോയാണോ പ്രശ്നങ്ങൾ ഉന്നയിക്കുന്നത്. പല കാര്യങ്ങളും തങ്ങൾക്ക് അറിയാം. അതെല്ലാം തങ്ങൾ മാധ്യമങ്ങളോട് പറയുകയാണോ ചെയ്യുന്നത് .ക്രിയാത്മകമായ വിമർശനങ്ങളെ ഒരിക്കലും എതിർത്തിട്ടില്ല. ബാറും ബെഞ്ചും പരസ്പരം തകർക്കാൻ ശ്രമിച്ചാൽ ജനങ്ങൾക്ക് ജൂഡീഷ്യറിയിൽ വിശ്വാസം ഉണ്ടാകുമോ. ജഡ്ജിമാരുടെ ശബ്ദമാണ് അഭിഭാഷകരെന്നും ജസ്റ്റിസ് മിശ്ര നിരീക്ഷിച്ചു.
നിരുപാധികം മാപ്പ് പറയാൻ കോടതി നിർബന്ധിച്ചുവെന്ന് പ്രശാന്ത് ഭൂഷണിന്‍റെ അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞിരുന്നു. കോടതിയോടുള്ള ഉത്തരവാദിത്തമാണ് പ്രശാന്ത് ഭൂഷൺ നിർവഹിച്ചതെന്നാണ് രാജീവ് ധവാൻ പ്രധാനമായും കോടതിയിൽ വാദിച്ചത്. കോടതിയോട് എന്തെങ്കിലും ബഹുമാനക്കുറവ് പ്രശാന്ത് ഭൂഷൺ കാണിച്ചിട്ടില്ലെന്നും വിമർശനങ്ങൾക്ക് അതീതമല്ല കോടതിയെന്നും ധവാൻ വാദിച്ചു. ക്രിയാത്മകമായ വിമർശനങ്ങൾ കോടതിയെ സഹായിക്കുകയേ ഉള്ളുവെന്നും രാജീവ് ധവാൻ വിശദീകരിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദൻ ലോകുർ എന്നിവരും കോടതിയലക്ഷ്യം കാട്ടിയോ എന്ന് ചോദിച്ച രാജീവ് ധവാൻ അവരും സമാന പ്രസ്താവന നൽകിയിരുന്നതായി കോടതിയെ ഓർമ്മിപ്പിച്ചു. ഭൂഷൺ പ്രസ്താവന പിൻവലിക്കുന്നിലെന്നും സത്യവാങ്മൂലം പിൻവലിക്കില്ലെന്നും രാജീവ് ധവാൻ വ്യക്തമാക്കിയിരുന്നു. ആരെയുംനിശബ്ദരാക്കാൻ കോടതി ശ്രമിക്കരുത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് വിലക്കുകയാണെങ്കിൽ അതിന് മുമ്പ് പ്രശാന്ത് ഭൂഷണിനെ കേൾക്കണം എന്നും രാജീവ് ധവാൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam