
പാട്ന: 900 കിലോമീറ്റർ യാത്ര ചെയ്ത ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി. നോയിഡയിൽ നിന്ന് കാൽനടയായും ട്രക്കിന്റെ പുറകിലും യാത്ര ചെയ്ത് ഉത്തർപ്രദേശ് -ബിഹാർ അതിർത്തിയിൽ എത്തിയ രേഖാ ദേവിയാണ് കുഞ്ഞിന് ജന്മം നൽകിയത്. സുപോൾ ജില്ലയിലുള്ള ഗ്രാമത്തിലെത്താനാണ് രേഖയും ഭർത്താവ് സന്ദീപ് യാദവും യാത്ര തിരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ യാത്ര തുടങ്ങിയ ഇവർ വ്യാഴാഴ്ച വൈകിട്ടോടെ ഗോപാൽഗഞ്ചിൽ എത്തി. പ്രസവവേദനയെ തുടർന്ന് വഴിയരികിൽ കുഴഞ്ഞ് വീണ രേഖയെ ആശുപത്രിയിലെത്തിക്കാൻ സന്ദീപ് സഹായം ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് പൊലീസിന്റെ സഹായത്തോടെ രേഖയെ ആംബുലൻസിൽ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറിനുള്ളിൽ രേഖ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടമായതോടെയാണ് 35 കാരനായ സന്ദീപും ഒമ്പതുമാസം ഗർഭിണിയായ രേഖയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബം കാൽനടയായി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചത്. സുപോൾ ജില്ലയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് ഇവരുടെ വീട്. കിലോമീറ്ററുകൾ നടന്ന ശേഷം തങ്ങൾക്ക് ട്രക്ക് ലഭിച്ചതായി സന്ദീപ് പറയുന്നു.
രേഖയെ കണ്ട ട്രക്ക് ഡ്രൈവർ തങ്ങളെ യു.പിയിലെ ബൽത്താരി ചെക്ക് പോയിന്റിന് സമീപത്ത് എത്തിച്ചതായും അവിടെ നിന്ന് ഗോപാൽഗഞ്ച് വരെ നടന്നുവെന്നും സന്ദീപ് പറയുന്നു. എന്നാൽ, പത്ത് കിലോമീറ്ററിലധികം നടന്ന രേഖക്ക്ല പെട്ടന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് റോഡരികിൽ ഇരിക്കുകയുമായിരുന്നു.
കൊവിഡ് ആയിരിക്കാമെന്ന് സംശയിച്ച് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ രേഖയെ പ്രവേശിപ്പിക്കാൻ ആദ്യം വിസമ്മതിച്ചതായും സന്ദീപ് പറയുന്നു. പിന്നീട് ഗോപാൽഗഞ്ച് ഡി.എം അർഷാദ് അസീസുമായി ബന്ധപ്പെട്ട ശേഷമാണ് രേഖക്ക് ചികിത്സ നൽകിയത്.
വെള്ളിയാഴ്ച വരെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇരുവർക്കും യാത്ര ചെയ്യാവുന്ന ഘട്ടമെത്തിയാൽ കുടുംബത്തെ സുപോളിലേക്ക് അയക്കാൻ വാഹനം ക്രമീകരിക്കുമെന്ന് എസ്.പി മനോജ് കുമാർ തിവാരി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam