'അയോധ്യ'യില്‍ നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

By Web TeamFirst Published Feb 16, 2020, 5:40 PM IST
Highlights

വാരാണസിയില്‍ ശ്രീ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്‍റെ നൂറാം വാര്‍ഷികാഘോഷത്തിലാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. 

വാരാണസി: അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മാണത്തില്‍ മറ്റൊരു നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാന്‍ നടപടി തുടങ്ങിയെന്ന് ലോക്സഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് വാരാണസിയില്‍ പുതിയ പ്രഖ്യാപനം നടത്തിയത്. അയോധ്യയില്‍ സര്‍ക്കാറിന്‍റെ കൈവശമിരിക്കുന്ന 67 ഏക്കര്‍ ഭൂമിയും ട്രസ്റ്റിന് കൈമാറുമെന്ന് മോദി വ്യക്തമാക്കി. സര്‍ക്കാര്‍ മറ്റൊരു വലിയ തീരുമാനമെടുത്തിരിക്കുകയാണ്.

അയോധ്യ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയും രാമക്ഷേത്ര നിര്‍മാണത്തിനായി പുതുതായി രൂപീകരിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് കൈമാറും. ഇത്രയും വിശാലമായ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നത് ക്ഷേത്രത്തിന്‍റെ മഹത്വം വര്‍ധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയില്‍ ശ്രീ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്‍റെ നൂറാം വാര്‍ഷികാഘോഷത്തിലാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആര് ജയിച്ചു, ആര് തോറ്റുന്ന എന്ന നിലയിലല്ല ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ നിര്‍വചിക്കപ്പെട്ടത്. ഭരിക്കുന്നവര്‍ നിയമം നിര്‍മിച്ചതിലൂടെയല്ല ഇവിടത്തെ പാരമ്പര്യവും സംസ്കാരവും സൃഷ്ടിക്കപ്പെട്ടത്. ജനങ്ങളാണ് ഇന്ത്യയെന്ന ആശയത്തെ സൃഷ്ടിച്ചതെന്നും മോദി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അയോധ്യയിലെ ബാബ‍്‍രി മസ്ജിദ് പൊളിച്ചതിനെ തുടര്‍ന്നാണ് നിയമ നിര്‍മാണത്തിലൂടെ 67 ഏക്കര്‍ ഭൂമിയും കേന്ദ്രം ഏറ്റെടുത്തത്. ഇതില്‍ 2.77 ഏക്കര്‍ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശമാണ് സുപ്രീം കോടതി പരിഹരിച്ചത്. 2.77 ഏക്കറിലായിരുന്നു ബാബ്‍രി മസ്ജിദ് നിലനിന്നിരുന്നു. ഇവിടെയാണ് ശ്രീരാമന്‍ ജനിച്ചതെന്നാണ് ഒരുവിഭാഗം പറയുന്നത്. 

click me!