RBI| ആർബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും

By Web TeamFirst Published Nov 11, 2021, 1:12 PM IST
Highlights

ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം, റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം എന്നിവയാണ് ഈ സംരംഭങ്ങൾ.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Modi) നാളെ (2021 നവംബർ 12 ന്) രാവിലെ 11 മണിക്ക്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India) രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക്  വീഡിയോ കോൺഫറൻസിംഗ് വഴി തുടക്കം കുറിക്കും. ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം, റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം എന്നിവയാണ് ഈ സംരംഭങ്ങൾ.

റീട്ടെയിൽ നിക്ഷേപകർക്ക് ഗവൺമെന്റ് സെക്യൂരിറ്റീസ് മാർക്കറ്റിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീം. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും നൽകുന്ന സെക്യൂരിറ്റികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിന് ഇത് അവർക്ക് ഒരു പുതിയ വഴി വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്ക് തങ്ങളുടെ  ഗവണ്മെന്റ് സെക്യൂരിറ്റീസ് അക്കൗണ്ട് സൗജന്യമായി ആർബിഐയിൽ എളുപ്പത്തിൽ തുറക്കാനും പരിപാലിക്കാനും കഴിയും.

റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം ആർ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ രേഖപ്പെടുത്താൻ ഒരു പോർട്ടലും ഒരു ഇമെയിലും ഒരു വിലാസവും ഉള്ള ‘ഒരു രാജ്യം-ഒരു ഓംബുഡ്സ്മാൻ’ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതിയുടെ മുഖ്യ പ്രമേയം. 

ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ സമർപ്പിക്കാനും രേഖകൾ സമർപ്പിക്കാനും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഫീഡ്‌ബാക്ക് നൽകാനും ഒരൊറ്റ പോയിന്റ് ഓഫ് റഫറൻസ് ഉണ്ടായിരിക്കും. ഒരു ബഹുഭാഷാ ടോൾ ഫ്രീ നമ്പർ പരാതികൾ പരിഹരിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുള്ള സഹായത്തിനുമുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും നൽകും. കേന്ദ്ര ധനമന്ത്രിയും ആർബിഐ ഗവർണറും ചടങ്ങിൽ പങ്കെടുക്കും.


 

click me!