മഴ കനത്തതോടെ ജയിലില്‍ വെള്ളം കയറി; യുപിയില്‍ 500 തടവുകാരെ മാറ്റാന്‍ തീരുമാനം

By Web TeamFirst Published Sep 30, 2019, 12:06 PM IST
Highlights

മൂന്ന് കെട്ടിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അതിനാല്‍ 950 തടവുകാരില്‍ 500 പേരെ മാറ്റാനാണ് തീരുമാനം

ലക്നൗ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാജയിലിലെ 500 തടവുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബല്ലിയ ജില്ലയിലെ ജയിലില്‍ നിന്നാണ് 500 തടവുകാരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുന്നത്. 350 പേര്‍ക്ക് കഴിയാവുന്ന ജയിലില്‍ 950 പേരാണ് നിലവിലുള്ളത്. ജയില്‍ സ്ഥിതിചെയ്യുന്നത്  താഴ്ന്ന പ്രദേശത്താണെന്നും അതിനാല്‍ വെള്ളം കയറുന്നത് ആദ്യമല്ലെന്നും അദികൃതര്‍ പറഞ്ഞു. 

ബിഹാറിന് സമീപം ഗംഗാനദീതീരത്താണ് ജയില്‍ ഉള്ളത്. ബിഹാറില്‍ മഴക്കെടുതിയില്‍ 27 പേരാണ് മരിച്ചത്. തലസ്ഥാനനഗരമായ പാറ്റ്നയിലും മഴ കനത്ത നാശം വിതച്ചിരിക്കുകയാണ്. നാല് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ ജയിലില്‍ വെള്ളം കയറിയിരിക്കുകയാണ്. ജയിലിന് പുറത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ അകത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാനുമാകുന്നില്ലെന്ന് ബല്ലിയയിലെ അഡ‍ീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പറഞ്ഞു. 

മൂന്ന് കെട്ടിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അതിനാല്‍ 950 തടവുകാരില്‍ 500 പേരെ മാറ്റാനാണ് തീരുമാനം. അസംഗറിലെ ജയിലിലേക്കാണ് ഇവരെ മാറ്റുക. ബല്ലിയയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെയാണ് അസംബര്‍ ജയില്‍. 

ഏകദേശം 90 പേരാണ് തുടര്‍ച്ചയായ മഴയില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചത്. ബല്ലിയയ്ക്ക് പുറമെ ജോന്‍പൂര്‍, വാരണസി ജില്ലകളെയും മഴ ശക്തമായി ബാധിച്ചിട്ടുണ്ട്. ഗതാഗത സംവിധാനങ്ങളെയും മഴ താറുമാറാക്കി. ട്രെയിന്‍ സര്‍ലവ്വ്വീസുകള്‍ മിക്കതും നിര്‍ത്തിവച്ചു. 

click me!