'അവര്‍ രാജ്യത്തെ തകര്‍ത്തു'; ജിഡിപി ഇടിവില്‍ ബിജെപിക്കെതിരെ പ്രിയങ്ക

By Web TeamFirst Published Nov 30, 2019, 7:16 PM IST
Highlights

ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇത് അഞ്ച് ശതമാനമായിരുന്നു

ദില്ലി: രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് ഇടിവ് നേരിടുമ്പോള്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കപടമായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചെന്നും രാജ്യത്തെ ബിജെപി തകര്‍ത്തുവെന്നും പ്രിയങ്ക പറഞ്ഞു. വാഗ്ദാനങ്ങള്‍ക്ക് മേലെ വാഗ്ദാനങ്ങള്‍ അവര്‍ നല്‍കുകയാണ്.

എല്ലാ വര്‍ഷവും രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍, വിളകള്‍ക്ക് ഇരട്ടി വില, അച്ഛാദിന്‍, മേക്ക് ഇന്‍ ഇന്ത്യ... ഇതില്‍ ഏതെങ്കിലും വാഗ്ദാനങ്ങള്‍ നടപ്പാക്കിയോ? ജിഡിപി വളര്‍ച്ചാ നിരക്കിലെ ഇടിവ് എല്ലാ വാഗ്ദാനങ്ങളും കപടമാണെന്ന് തെളിയിക്കുന്നുവെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇത് അഞ്ച് ശതമാനമായിരുന്നു. രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 4.7 ശതമാനമായിരിക്കുമെന്നാണ് റോയിട്ടേഴ്‌സിന്‍റെ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്.

മുന്‍ വര്‍ഷം സമാന പാദത്തിന്‍റെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനം ആയിരുന്നു. പിന്നീട് ഒക്ടോബര്‍ -ഡിസംബര്‍ കാലയളവില്‍ ഇത് 6.6 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു, 2018- 19 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്കും താഴ്ന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി പാദ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി.

അഞ്ചിന് താഴേക്ക് ഇടിവുണ്ടാകുന്നത് രാജ്യം വളർച്ചാ മാന്ദ്യത്തിന്‍റെ പിടിയിലാണെന്നതിന്‍റെ സൂചനയാണെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2013 ലെ ആദ്യ പാദത്തിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2013 ജനുവരി- മാര്‍ച്ചില്‍ വളര്‍ച്ചാ നിരക്ക് 4.3 ശതമാനമായിരുന്നു. രാജ്യത്ത് ഇപ്പോള്‍ ദൃശ്യമാകുന്നത് വളര്‍ച്ചാ മുരടിപ്പാണെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അഭിപ്രായപ്പെട്ടത്. 

click me!