
ദില്ലി: പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കഗാന്ധി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രിയങ്കയുടെ വിമർശനം. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് ഉത്തർപ്രദേശ് സർക്കാരിൻറെ കൊവിഡ് വീഴ്ച്ച മറയ്ക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ ഒരാഴ്ച്ചത്തെ പ്രചാരണത്തിനെത്തിയ പ്രിയങ്ക, യുപി സർക്കാരിനോടുള്ള പ്രതിഷേധാത്മകമായി ഗാന്ധി സ്മൃതിയിൽ നിശബ്ദ ധർണ നടത്തി.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഉന്നമിട്ട് വാരാണസിയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ വാനോളം പ്രശംസിച്ചിരുന്നു. ഇതിനെതിരെയാണ് പ്രിയങ്കയുടെ വിമർശനം. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് കൊവിഡ് കാലത്ത് യോഗി സർക്കാർ കാണിച്ച ധാർഷ്ട്യവും കെടുകാര്യസ്ഥതയും മറച്ചുപിടിക്കാനാകില്ല. രണ്ടാം തരംഗത്തെ ചെറുക്കാൻ ഉത്തർപ്രദേശ് സർക്കാർ യാതൊരു തയ്യാറെടുപ്പും നടത്തിയില്ലെന്നും പ്രിയങ്ക ആരോപിച്ചു.
പാവപ്പെട്ട രോഗികൾ അനുഭവിച്ച യാതനകൾ മറക്കാൻ പ്രധാമന്ത്രിക്കും, യു പി മുഖ്യമന്ത്രിക്കും കഴിയുമായിരിക്കും. പക്ഷെ സാധാരണക്കാർക്ക് അത് മറക്കാനാകില്ലെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രിയങ്കയുടെ ലക്നൗ സന്ദർശനം. ഭാരവാഹി യോഗത്തിന് ശേഷം കൊവിഡ് പ്രതിസന്ധി തീർത്ത സ്ഥലങ്ങൾ സന്ദർശിക്കുകയാണ് പ്രിയങ്ക. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഇക്കുറി കോൺഗ്രസിന് ജീവന്മരണ പോരാട്ടമാണ്. പാർട്ടിയുടെ യുപിയിലെ ചുമതലക്കാരിയായ പ്രിയങ്കക്ക് അഗ്നി പരീക്ഷയുമാണ് തെരഞ്ഞെടുപ്പ്. 2017ല്‍ വെറും ഏഴ് സീറ്റ് മാത്രം നേടിയ കോൺഗ്രസിന് ഇത്തവണ അംഗസംഖ്യ ഉയർത്തുക മാത്രമല്ല, നിർണായക ശക്തിയാവുകയാണ് ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam