
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിന് പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സാധാരണക്കാരായ തൊഴിലാളികൾക്ക് മാത്രമായി സി സി ടി വികൾ ഓഫാക്കി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്താൻ കഴിയില്ല. ഇതിന് പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്ന് വ്യക്തമാണെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു. സംഭാവന പിരിക്കാൻ ആഹ്വാനം നൽകിയ നേതാക്കൾ ഇതിന് മറുപടി പറയണമെന്നും ഈ ക്രൂരമായ പ്രവൃത്തിയിൽ പങ്കാളികളായവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കോൺഗ്രസ് നിലപാടും പ്രിയങ്ക ആവർത്തിച്ചു. സത്യത്തിന്റെയും ധർമ്മത്തിന്റെയും പ്രതീകമായ ശ്രീരാമന്റെയും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ഭക്തരുടെയും വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട് നടന്ന ഈ കൊള്ളയും തട്ടിപ്പും രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണെന്ന് അവർ പറഞ്ഞു. രാമക്ഷേത്രത്തിൽ മോഷണം നടത്തിയവർ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാന തത്വങ്ങളെ നിഷേധിക്കുന്ന വലിയ പാപമാണ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തുന്നതിന് പകരം അത് ഒതുക്കിതീർക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.
അതേസമയം അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അയോധ്യ സംഭാവന തട്ടിപ്പില്‍ ട്രസ്റ്റി ജനറല്‍സെക്രട്ടറി ചമ്പത് റായിയുടെയും, ട്രസ്റ്റി അംഗം അനില്‍ മിശ്രയുടെയും രാജി ഔദ്യോഗികമായി സ്ഥിരീകരിച്ച് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തി. പുതിയ ജനറല്‍സെക്രട്ടറിയെ 11 ന് നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുത്തേക്കും. ചമ്പത് റായിയും, അനില്‍ മിശ്രയും ഇന്നലെ രാജിവച്ചെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വിവരം നല്‍കിയിരുന്നെങ്കിലും വി എച്ച് പിയും, ക്ഷേത്ര ട്രസ്റ്റും വാര്‍ത്ത തള്ളിയിരുന്നു. കൂട്ടായാണ് തീരുമാനം എടുത്തിരുന്നതെന്നും, മൂന്ന് മാസം കൂടുമ്പോള്‍ ഓഡിറ്റ് നടക്കുമായിരുന്നു എന്നൊക്കെയുള്ള വാദങ്ങള്‍ ഏറ്റവുമൊടുവില്‍ മുതിര്‍ന്ന ട്രസ്റ്റംഗം ദിനേന്ദ്രദാസ് അവകാശപ്പെട്ട് അല്‍പസമത്തിനുള്ളില്‍ രാജി കത്ത് കിട്ടിയെന്ന് സ്ഥിരീകരിച്ചുള്ള വാര്‍ത്താ കുറിപ്പ് ട്രസ്റ്റ് പുറത്തിറക്കുകയായിരുന്നു. ആരോപണവിധേയരെ നിലനിര്‍ത്തുന്നതില്‍ ട്രസ്റ്റിലും രണ്ടഭിപ്രായമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്. സംഭവം അത്യന്തം വേദനയുണ്ടാക്കിയെന്നും, ഭക്തര്‍ നല്‍കിയ സംഭാവനകള്‍ സുരക്ഷിതമാണെന്നും വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ട്രസ്റ്റ് വ്യക്തമാക്കി. അടുത്ത പതിനൊന്നിന് ചേരുന്ന ട്രസ്റ്റ് യോഗത്തില്‍ പുതിയ ജനറല്‍സെക്രട്ടറിയേയും, ക്ഷേത്ര കാര്യങ്ങളുടെ മേല്‍നോട്ടത്തിന് സി ഇ ഒയേയും നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്. ചമ്പത് റായിയുടെയേും, അനില്‍ മിശ്രയുടെയും രാജിക്കായി ആര്‍ എസ് എസിലും, വിശ്വഹിന്ദു പരിഷത്തിലും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. കഴിഞ്ഞ 18, 19 തീയതികളില്‍ ഹരിദ്വാറില്‍ നടന്ന വി എച്ച് പി ബൈഠക്കിനിടെ നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കടുത്ത അതൃപ്തി ഇരുവരോടും നേരിട്ട് അറിയിച്ചിരുന്നു.
അതേസമയം അയോധ്യ സംഭാവന തട്ടിപ്പ് കൊള്ളയിലെ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം നീക്കം നടത്തുമ്പോഴും ട്രസ്റ്റ് ഭാരവാഹികളിലേക്കെത്തുന്ന സൂചന ഇതുവരെയില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തതിനാല്‍ ഇരുവരേയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് എസ് ഐ ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 5 ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷണ പരിധിയിലുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന 8 പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam