സോൻഭദ്ര കൂട്ടക്കൊല: ഉംഭ ​ഗ്രാമത്തിലെ ആദിവാസികൾ അരക്ഷിതരെന്ന് പ്രിയങ്ക ​ഗാന്ധി

By Web TeamFirst Published Aug 14, 2019, 12:08 PM IST
Highlights

ഇത്രയും വലിയ സംഭവം നടന്നിട്ടും ഉംഭ ​ഗ്രാമത്തിൽ ഒരു പൊലീസ് പോസ്റ്റ് പോലുമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ലഖ്നൗ: വെടിവയ്പ്പിൽ പത്തുപേർ കൊല്ലപ്പെട്ട സോൻഭദ്ര ഉംഭ ഗ്രാമത്തിലെ ആദിവാസികൾ അരക്ഷിതരെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ആദിവാസി സ്ത്രീകളടക്കമുള്ളവരുടെ മേൽ ചുമത്തിയ കേസുകളും ഗുണ്ടാ നിയമങ്ങളും പിൻവലിക്കണമെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം കിട്ടുന്നതുവരെ ഇവിടുത്തെ ആദിവാസികൾ അരക്ഷിതരാണെന്നും പ്രിയങ്ക പറഞ്ഞു. ഇത്രയും വലിയ സംഭവം നടന്നിട്ടും ഉംഭ ​ഗ്രാമത്തിൽ ഒരു പൊലീസ് പോസ്റ്റ് പോലുമില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസമാണ്  ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിൽ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും വെടിവച്ചുകൊന്നത്. മരിച്ചവരിൽ മൂന്നുപേർ സ‌്ത്രീകളാണ‌്. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ‌് ആരംഭിച്ച  ഭൂമി തർക്കം സംഘർഷത്തിലേക്കും വെടിവെയ്പ്പിലേക്കും നയിക്കുകയായിരുന്നു.

സോന്‍ഭദ്രയിലെ വിവാദ ഭൂമി 1955-ല്‍ ഒരു ട്രസ്റ്റിന് കൈമാറിയതാണ്. എന്നാല്‍ 1989-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികൾക്ക് നല്‍കി. ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അന്നു മുതലാണ് തുടങ്ങിയതെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. ഏറ്റവുമൊടുവില്‍ 36 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.

click me!