
ദില്ലി: ഉത്തർപ്രദേശ് സർക്കാരിനെതിരെ നടത്തിയ വിമർശനങ്ങളുടെ പേരിൽ തനിക്കെതിരെ എന്ത് നടപടിയെടുത്താലും നേരിടുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. 'അവർക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാം. എന്നാൽ ഞാൻ സത്യം വിളിച്ചു പറയുക തന്നെ ചെയ്യും. ഞാൻ ഇന്ദിരാ ഗാന്ധിയുടെ ചെറുമകളാണ്. അല്ലാതെ ചില പ്രതിപക്ഷ നേതാക്കളപ്പോലെ അപ്രഖ്യാപിത ബിജെപി വക്താവല്ല. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. ജനങ്ങൾക്ക് മുന്നിൽ സത്യം തുറന്ന് കാണിക്കുക എന്നതാണ് എന്റെ കർത്തവ്യം. അല്ലാതെ സർക്കാരിന് വേണ്ടി പ്രചാരണം നടത്തുകയല്ല. എന്നെ ഭീഷണിപ്പെടുത്തി യുപി സർക്കാർ വെറുതെ സമയം പാഴാക്കുകയാണ്.' പ്രിയങ്ക ഗാന്ധി ട്വീറ്റിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ കൊറോണ വൈറസ് ബാധ വ്യാപനം വർദ്ധിക്കുന്നതുൾപ്പെടെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി യുപി സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുന്നയിച്ചിരുന്നു. കാൺപൂരിലെ സർക്കാർ നിയന്ത്രണത്തിലുള്ള കുട്ടികളുടെ അഭയ കേന്ദ്രത്തിൽ
രണ്ട് ഗർഭിണികളടക്കം 57 പെൺകുട്ടികൾക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധി മാധ്യമ റിപ്പോർട്ടുകളെ പരാമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. അതുപോലെ ആഗ്രയിൽ 109 ദിവസത്തിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്ത 1139 പേരിൽ 79 രോഗികളാണ് മരിച്ചതെന്നും 48 മണിക്കൂറിനുള്ളിൽ 28 പേർ മരിച്ചതായും പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.
അഭയകേന്ദ്രത്തെക്കുറിച്ച് പ്രിയങ്കയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam