
ദില്ലി: നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സർക്കാരിന്റെ കോടീശ്വരൻമാരായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പുതിയ കാർഷിക ബില്ലുകൾ കൊണ്ടുവന്നതെന്ന് പ്രിയങ്ക ആരോപിച്ചു. കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണെന്നും ഉൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കി നൽകുകയോ ചെയ്യാതെ നേരെ വിപരീതമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്യുന്നു.
''കർഷകർക്ക് ബുദ്ധിമുട്ടുള്ള സമയമാണിത്. താങ്ങുവില പ്രഖ്യാപിച്ചും കർഷകർക്ക് സംഭരണ സൗകര്യങ്ങൾ നൽകിയും സർക്കാർ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാൽ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നതിനാണ് ബിജെപി സർക്കാർ ഉത്സാഹം കാണിക്കുന്നത്''പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം, കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കുമെന്നുറപ്പായി. 125 പേരുടെ പിന്തുണ സർക്കാർ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും ബില്ലിനെ പിന്തുണയ്ക്കും. ടിഡിപിയും ബില്ലുകൾക്കൊപ്പം നിൽക്കുമെന്നാണ് വിവരം.
ലോക്സഭ പാസാക്കിയ ബില്ലുകൾക്കെതിരെ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെയാണ് ബില്ല് രാജ്യസഭയിലും പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലുകളിൽ പ്രതിഷേധിച്ച കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലികൾ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ രാജിവെച്ചിരുന്നു.
Read Also: കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസാകും; 125 പേരുടെ പിന്തുണ സർക്കാർ ഉറപ്പിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam