
ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ (Karnataka Assembly) സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ പ്രതിഷേധം ശക്തമാകുന്നു. കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാറിനെതിരെ (K R Ramesh Kumar) നടപടി ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ സഭയിലും പുറത്തും പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ രമേശ് കുമാര്‍ സഭയില്‍ മാപ്പ് പറഞ്ഞു.
ഒഴിവാകാനോ രക്ഷപ്പെടാനോ കഴിയുന്നില്ലെങ്കില്‍ ബലാത്സംഗം ആസ്വദിക്കണമെന്നായിരുന്നു രമേശ് കുമാറിന്റെ പ്രസ്താവന. കര്‍ഷക വിഷയങ്ങളില്‍ പ്രതിഷേധം നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്ക് കഴിയാത്തത് ചൂണ്ടികാട്ടിയായിരുന്നു ഈ വിവാദ പരമാര്‍ശം. മുതിര്‍ന്ന നേതാവിന്‍റെ പ്രസ്താവന കേട്ട് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഡ്ഗെയും പുരുഷന്‍മാരായ മറ്റ് അംഗങ്ങളും പൊട്ടിചിരിച്ചു. സഭാ നടപടി രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ വനിതാ അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്ന് സഭയുടെ നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ അടക്കം പ്രതിഷേധിച്ചു. ബെളഗാവി വിധാന്‍ സൗധയ്ക്ക് പുറത്തും പ്രതിഷേധം അരങ്ങേറി. കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ വനിതകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതോടെ തെറ്റ് പറ്റിയെന്നും മാപ്പ് നല്‍കണമെന്നും മുന്‍സ്പീക്കര്‍ കൂടിയായിരുന്ന രമേശ് കുമാര്‍ സഭയില്‍ അഭ്യര്‍ത്ഥിച്ചു.എന്നാല്‍ നേതാവിനെ സസ്പെന്‍റ് ചെയ്യണമെന്ന നിലപാടിലാണ് വനിതാ അംഗങ്ങള്‍.