മതവിദ്വേഷം പരത്തുന്ന പോസ്റ്റ്; ദില്ലി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹക്കുറ്റം

By Web TeamFirst Published May 2, 2020, 1:47 PM IST
Highlights

ട്വീറ്റിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ സഫറുൽ ഇസ്ലാം ഖാന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. തന്‍റെ ട്വീറ്റ്  അവസരോചിതവും വിവേകശൂന്യവുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദില്ലി: മതവിദ്വേഷം പരത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്തെന്ന പരാതിയില്‍ ദില്ലി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ദില്ലി വസന്ത്കുഞ്ച് സ്വദേശിയുടെ പരാതിയിലാണ് ദല്‍ഹി ജോയിന്റ് പൊലീസ് സഫറുൽ ഇസ്ലാം ഖാനെതിരെ കേസെടുത്തിരിക്കുന്നത്.
 
ഐപിസി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കല്‍) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നതെന്ന് ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണർ നീരജ് താക്കൂർ ഉദ്ധരിച്ച് ദേശീയ മാദ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെക്കുറിച്ച്  സഫറുൽ ഇസ്ലാം ഖാന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

എഫ്ഐആര്‍ കണ്ടിട്ടില്ല, കണ്ട ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.  തന്‍റെ ട്വീറ്റ്  അവസരോചിതവും വിവേകശൂന്യവുമായിരുന്നു. ട്വീറ്റ്  ചില ആളുകളെ വേദനിപ്പിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നുവെന്ന്  ഖാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തമാക്കി.

അതേസമയം ദില്ലി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് സഫറുൽ ഇസ്ലാം ഖാനെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദില്ലി ബിജെപി എം‌എൽ‌എമാരുടെ പ്രതിനിധി സംഘം ലഫ്. ഗവർണറെ കണ്ട് ഖാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

click me!