
പുതുച്ചേരി: പുതുച്ചേരി നിയമസഭാമന്ദിരത്തിന് മുമ്പിൽ ആരോഗ്യ മന്ത്രിയുടെ പ്രതിഷേധം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ ലഫ്.ഗവർണർ കിരൺ ബേദി അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ആരോഗ്യമന്ത്രി കൃഷ്ണറാവു നിയമസഭാ മന്ദിരത്തിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
ഗവർണർ കിരൺ ബേദിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കൃഷ്ണറാവു ഇന്നലെ രംഗത്തെത്തിയിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പൊതുജനതാല്പര്യാർത്ഥം എടുക്കുന്ന തീരുമാനങ്ങളെയും മറികടക്കുന്ന നടപടികളാണ് കിരൺ ബേദിയുടേതെന്ന് കൃഷ്ണറാവു ആരോപിച്ചിരുന്നു. താൻ രാജിവെക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ഭീഷണി മുഴക്കിയിരുന്നു.
ഹൈദരാബാദിലും പുട്ടപർത്തിയിലും ഒഡീഷയിലും ജോലി ചെയ്യുന്ന പുതുച്ചേരി യാനം സ്വദേശികളായ എട്ട് യുവാക്കൾ കഴിഞ്ഞദിവസം നാട്ടിലേക്കെത്താൻ അതിർത്തിയിലെത്തിയിരുന്നു. കിലോമീറ്ററുകളോളം നടന്നാണ് ഇവർ യാനം അതിർത്തിയിലെത്തിയത്. എന്നാൽ, ജില്ലാ അധികൃതർ ഇവരെ തടഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ് അതിർത്തി അടച്ച സാഹചര്യത്തിലായിരുന്നു നടപടി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെട്ടിട്ടും യുവാക്കളെ നാട്ടിലേക്ക് പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. ഇതുമൂലം യുവാക്കൾ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. എത്രയും വേഗം ഈ യുവാക്കളെ നാട്ടിലെത്തിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ താൻ രാജിവെക്കുമെന്നാണ് കൃഷ്ണറാവു പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥർ അനുസരിക്കുന്നത് ഗവർണറുടെ നിർദ്ദേശങ്ങളാണ് എന്നാണ് കൃഷ്ണറാവുവിന്റെ ആരോപണം.
Read Also: മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ തർക്കമുണ്ടെങ്കില്‍ ഇടപെടേണ്ടത് കോടതി: കിരണ്‍ ബേദി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam