
ദില്ലി: പുല്‍വാമ സ്ഫോടനം ആസൂത്രണം ചെയ്യാനായി ജെയ്ഷെ തലവന്‍ മസൂദ് അസറിന്‍റെ മരുമകന്‍റെ അക്കൗണ്ടിലേക്ക് പത്തു ലക്ഷം രൂപ എത്തിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ ഫറൂഖിന്‍റെ രണ്ടു പാക്കിസ്ഥാന്‍ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്.
എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഈ ബാങ്ക് രേഖകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ കുറ്റപത്രം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി ജമ്മു എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഉമര്‍ ഫറൂഖിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിക്കുന്ന തെളിവുകളാണ് എന്‍ഐഎയുടെ പക്കലുള്ളത്.
ആക്രമണത്തിന് തൊട്ടുമുമ്പ് ഫറൂഖിന്‍റെ രണ്ട് അക്കൗണ്ടുകളിലേക്ക് പല തവണയായി പത്തു ലക്ഷത്തിലേറെ രൂപയെത്തി. 2019 ജനുവരി 27നും ഫെബ്രുവരി നാലിനുമിടയിലായിരുന്നു ഇടപാടുകള്‍. ഫെബ്രുവരി ആറിന് സ്ഫോടനം നടത്താനായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ മഞ്ഞു വീഴ്ച കാരണം ഫെബ്രുവരി പതിനാലിലേക്ക് മാറ്റിവച്ചു.
പത്തു ലക്ഷത്തില്‍ രണ്ടര ലക്ഷം രൂപയും ചെലവഴിച്ചിരിക്കുന്നത് സ്ഫോടക വസ്തുക്കള്‍ വാങ്ങുന്നതിനായാണ്. 200 കിലോ സ്ഫോടക വസ്തുക്കളാണ് കാറില്‍ നിറച്ചത്. ആക്രമണത്തിന് ഉപയോഗിച്ച കാറു വാങ്ങാന്‍ 1,85,000 രൂപ ചെലവാക്കി.
പണം ചെലവാക്കിയത് സംബന്ധിച്ച വിവരങ്ങളുള്ള ചാറ്റ് രേഖളും എന്‍ഐഎ വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 19 പ്രതികളില്‍ മുഹമ്മദ് ഉമര്‍ ഫറൂഖ് ഉള്‍പ്പടെ ഏഴുപേര്‍ മറ്റ് ഏറ്റുമുട്ടലുകളിലോ ചാവേര്‍ സ്ഫോടനങ്ങളിലോ കൊല്ലപ്പെട്ടു. ഏഴുപേര്‍ പിടിയിലായി. അഞ്ചുപേര്‍ ഒളിവിലാണ്. അടുത്ത ഒന്നിനാണ് എന്‍ഐഎ കോടതി കുറ്റപത്രം പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam