കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് വിശദമാക്കി പഞ്ചാബും രാജസ്ഥാനും

By Web TeamFirst Published Apr 10, 2021, 6:13 PM IST
Highlights

മൂന്ന് ദിവസത്തേക്കുള്ള വാക്സിന്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന് പഞ്ചാബ്. 48 മണിക്കൂര്‍ മാത്രം വിതരണം ചെയ്യാനുള്ള വാക്സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് രാജസ്ഥാന്‍

ചണ്ഡിഗഡ്: കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് വിശദമാക്കി പഞ്ചാബും രാജസ്ഥാനും. മൂന്ന് ദിവസത്തേക്കുള്ള വാക്സിന്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. രണ്ട് ലക്ഷം വാക്സിന്‍ ഷോട്ടുകളാണ് ഓരോ ദിവസവും നല്‍കുന്നത്. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കണമെങ്കില്‍ കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്തേക്ക് എത്തിക്കണമെന്നാണ് അമരീന്ദര്‍ സിംഗ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുന്നത്.

രാജസ്ഥാനിലെ സാഹചര്യം അതിരൂക്ഷമാണെന്ന് വിശദമാക്കുന്നതാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്കെഴുതിയ കത്ത്. 48 മണിക്കൂര്‍ മാത്രം വിതരണം ചെയ്യാനുള്ള വാക്സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്നാണ് അശോക് ഗെലോട്ട് വ്യക്തമാക്കുന്നത്. 30ലക്ഷം കൊവിഡ് വാക്സിന്‍ അത്യാവശ്യമായി സംസ്ഥാനത്തിന് നല്‍കണമെന്നും ഗെലോട്ട് ആവശ്യപ്പെടുന്നു. കേന്ദ്രത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് പഞ്ചാബ് വാക്സിനേഷന്‍ തോത് കുറവുള്ള രാജ്യങ്ങളിലൊന്നാണ് പഞ്ചാബെന്നും, ഇത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധം കടുത്തതിന്‍റെ പേരിലാണെന്നും അമരീന്ദര്‍ സിംഗ് ചൂണ്ടിക്കാണിക്കുന്നു.

രണ്ട് മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചിരുന്നു. നേരത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്തയും വാക്സിന്‍ ക്ഷാമത്തേക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം ഏറെ രൂക്ഷമായ മഹാരാഷ്ട്രയിലും സമാനമായ സ്ഥിതി ദിവസങ്ങളോളമായുള്ളത്. നിരവധി വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇവിടെ പൂട്ടേണ്ടി വന്നിട്ടുണ്ട്.

കേരളത്തിലും കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നുണ്ട്. തിരുവനന്തപുരം റിജീയണിലാണ് ക്ഷാമം രൂക്ഷമായിട്ടുള്ളത്. തിരുവനന്തപുരത്തെ റിജിയണൽ വാക്സിൻ കേന്ദ്രത്തില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്സീൻ സ്റ്റോക്ക് ഇല്ല. ഇരുപതിനായിരം ഡോസ് വാക്സീനിൽ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. കൊച്ചി , കോഴിക്കോട് റീജിയണുകളില്‍ പരമാവധി നാല് ദിവസത്തേക്കുള്ള വാക്സിൻ സ്റ്റോക്കുണ്ട്. വാക്സിന് ക്ഷാമം നിലനില്‍ക്കെ നാളെ മുതല്‍ മാസ് വാക്സിനേഷൻ ക്യാന്പുകള്‍ തുടങ്ങുന്നതില്‍ ആശങ്ക തുടരുകയാണ്. 
 

click me!