
ദില്ലി: ഖലിസ്ഥാന്‍ അനുകൂല വിഘടനവാദി നേതാവ് അമൃത്പാല്‍ സിങിനെ പിടികൂടാൻ സർവ്വസന്നാഹങ്ങളുമായി ശ്രമം തുടർന്ന് പഞ്ചാബ് പൊലീസ്. അമൃത് പാൽ സിങ് അടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇതുവരെ 78 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത് പാൽ സിങ്ങിനു വേണ്ടി സാമ്പത്തികകാര്യങ്ങൾ നോക്കുന്ന ദൽജീത് സിങ് കാൽസിയും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു. അമൃത്പാൽ സിങ്ങിന്റെ പിതാവിനെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്.
ഏഴ് ജില്ലകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന, സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘം ജലന്ധറിലെ ഷാഹ്‌കോട്ട് തഹ്‌സിലിലേക്കുള്ള യാത്രയിൽ അമൃത്പാൽ സിങ്ങിന്റെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്നു. എന്നാൽ, ഇയാളെ പിടികൂടാനായില്ല. അമൃത്പാൽ മോട്ടോർ സൈക്കിളിൽ അമിതവേഗതയിൽ പോകുന്നതാണ് അവസാനമായി കണ്ടതെന്നാണ് വിവരം. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ വിവിധ ജില്ലകളില്‍ ഇന്‍റർനെറ്റ് വിച്ഛേദിച്ചു. അമൃത്പാലിന്‍റെ ജന്മനാടായ അമൃത്സറിലെ ജല്ലുപൂര്‍ ഖൈരയില്‍ പൊലീസിനെയും, അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
ഖലിസ്ഥാന്‍ നേതാവിനെ പിടികൂടാനുള്ള നീക്കങ്ങളാരംഭിക്കാൻ, അമൃത്സറിലെ ജ20 യോഗം പൂർത്തിയാവാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. മതമൗലിക നേതാവ് ദീപ് സിദ്ധു റോഡ് അപകടത്തില്‍ മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്‍റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷവും ഇയാള്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. ഒപ്പമുള്ള ലവ്പ്രീതി സിങിനെ അജ്നാന പൊലീസ് പിടികൂടിയ്പോള്‍ അമൃത്പാലിന്‍റെ അനുചരന്‍മാര്‍ ആയുധവുമായി സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ട് പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇയാൾക്കെതിരെ നിലവില്‍ ഉണ്ട്.
Read Also: 30,000 കോടിയിലധികം ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീ; ആരാണ് ലീന തിവാരി?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam