ഹഥ്റസിൽ എത്താനനുവദിച്ചില്ല; രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞ് കസ്റ്റഡിയിലെടുത്ത് വിട്ടു

By Web TeamFirst Published Oct 1, 2020, 5:51 PM IST
Highlights

ദില്ലിയിലെ ഡിഎൻഡി ഫ്ലൈ ഓവറിൽ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്കും രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തർപ്രദേശ് പൊലീസ് എത്തി തടയുകയായിരുന്നു. 

ദില്ലി: യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു. ഇരുവരും ദില്ലിയിലേക്ക് മടങ്ങുകയാണ്.  ഉത്തർപ്രദേശിലെ ഹഥ്റസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരെയും യു പി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ദില്ലിയിലെ ഡിഎൻഡി ഫ്ലൈ ഓവറിൽ നിന്ന് യമുന എക്സ്പ്രസ് വേയിലേക്ക് എത്തിയപ്പോഴേക്കും രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനം ഉത്തർപ്രദേശ് പൊലീസ് എത്തി തടയുകയായിരുന്നു. ഇരുവരെയും അൽപദൂരം നടന്നപ്പോഴേക്ക് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. തടഞ്ഞാലും യാത്രയിൽ നിന്ന് പിന്നോട്ടില്ലെന്ന് പറഞ്ഞ് രാഹുലും പ്രിയങ്കയും വാഹനത്തിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയതോടെ പൊലീസ് വീണ്ടും എത്തി ഇവരെ തടഞ്ഞു.

യമുന എക്സ്പ്രസ് വേയിൽ ഗ്രേറ്റർ നോയിഡയിൽ നിന്ന് ഹഥ്റസിലേക്ക് ഏതാണ്ട് 168 കിലോമീറ്റർ ദൂരമുണ്ട്. തുടർന്ന് രാഹുലും പൊലീസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദമുണ്ടായി. പരസ്പരം ഉന്തും തള്ളും നടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി. പൊലീസിനെ എതിരിടാൻ തുടങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

click me!