'കേന്ദ്ര ഏജന്‍സികൾ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചവര്‍ക്ക് പിന്നാലെ', രൂക്ഷ വിമർശനവുമായി രാഹുൽ

By Web TeamFirst Published Mar 4, 2021, 1:28 PM IST
Highlights

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചവര്‍ക്ക്  പിന്നാലെ എൻഫോഴ്സ്മെന്റിനെയും ആദായ നികുതി വകുപ്പിനെയും അയച്ച് സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

ദില്ലി: അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചവര്‍ക്ക്  പിന്നാലെ എൻഫോഴ്സ്മെന്റിനെയും ആദായ നികുതി വകുപ്പിനെയും അയച്ച് സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. കിഫ്ബിക്കെതിരായ  ഇഡി അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍  വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കര്‍ഷക പ്രക്ഷോഭത്തില്‍ രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തുന്ന രാഹുല്‍ ഗാന്ധി ട്വിറ്റർ സന്ദേശത്തിലും നിലപാട് ആവര്‍ത്തിച്ചു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച നിരവധി പേര്‍ക്ക് ഇതിനോടകം ഇഡിയും, എന്‍ഐഎ അടക്കമുള്ള ഏജന്‍സികളും നോട്ടീസയച്ചു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ വിമര്‍ശകരായ സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപസി പന്നു എന്നിവരുടെ വീടുകളില്‍ ഐടി റെയ്ഡും നടന്നു. അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍  വിരല്‍ തുമ്പില്‍ വച്ച് കളിക്കുകയാണെന്നും, മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലേയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. 

നേരത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ കേന്ദ്രം രംഗത്തിറക്കിയതിനെ  രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നിലപാട് മറയാക്കിയാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ കേന്ദ്ര ഏജന്‍സികളുടെ  അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്തത്. പ്രസ്താവന സര്‍ക്കാര്‍ ആയുധമാക്കിയതോടെ  മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ട കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മന്ദഗതിയിലാക്കിയെന്ന് രാഹുല്‍ഗാന്ധി തിരുത്തിയിരുന്നു. ഇപ്പോള്‍ കര്‍ഷക പ്രക്ഷോഭത്തെയെന്ന് പ്രത്യേകം എടുത്ത്  പറയുന്നത് മുന്‍ പശ്ചാത്തലം കൂടി പരിഗണിച്ചാണെന്ന് സൂചനയുണ്ട്.

click me!