
ദില്ലി: രാഹുൽ ഗാന്ധിയും തേജസ്വി യാദവും നോൺവെജ് ഭക്ഷണത്തിന്‍റെ വീഡിയോ ഇട്ടത് വിശ്വാസികളെ അപമാനിക്കാനെന്ന് നരേന്ദ്ര മോദി. നവരാത്രിയുടെ സമയത്ത് നോൺവെജ് കഴിക്കുന്ന വീഡിയോ എന്ത് മാനസിക അവസ്ഥയോടെയാണ് ഇവർ നല്കുന്നതെന്ന് മോദി ചോദിച്ചു. ഇത് ആരെ സന്തോഷിപ്പിക്കാനാണ്?. മുഗൾ മനോഭാവത്തോടെയാണ് ഇത്തരം വീഡിയോകൾ നല്കുന്നതെന്നും മോദി ആരോപിച്ചു. ഹിന്ദുക്കൾ ഉപവാസം അനുഷ്ഠിക്കുന്ന സമയങ്ങളിൽ വീഡിയോ ഇട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉധംപൂരിലെ റാലിയിൽ മോദി ഹിന്ദു വികാരം ഉയർത്താൻ ശ്രമിച്ചത്.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ട് വരാനും മോദി ശ്രമം തുടങ്ങി. ബിജെപിക്ക് അനുകൂലമായ അന്തരീക്ഷത്തിൽ മാറ്റമുണ്ടെന്ന് ചില സർവേകൾ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ഹിന്ദുത്വ വിഷയങ്ങളിലേക്ക് നരേന്ദ്ര മോദി ശ്രദ്ധ മാറ്റുന്നത്. ലാലുപ്രസാദിന്‍റെ വീട്ടിൽ എത്തിയപ്പോൾ മട്ടൺ തയ്യാറാക്കുന്ന വീഡിയോ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തിരുന്നു. ഹിന്ദുക്കൾ ഉപവാസം അനുഷ്ടിക്കുന്ന ശ്രാവൺ മാസത്തിലാണ് ഈ വീഡിയോ ഇട്ടതെന്ന് മോദി ജമ്മുകശ്മീരിലെ ഉധംപൂരിലെ റാലിയിൽ കുറ്റപ്പെടുത്തി.
തേജസ്വി യാദവ് മീൻ കഴിക്കുന്ന വിഡിയോ പുറത്തു വന്നത് ചൂണ്ടിക്കാട്ടിയ മോദി നവരാത്രി സമയത്ത് ഈ വീഡിയോ നല്കിയത് വിശ്വാസികളെ വ്രണപ്പെടുത്താനാണെന്ന് പറഞ്ഞു. എന്താഹാരം കഴിക്കുന്നു എന്നത് ഓരോരുത്തരുടെയും അവകാശമാണെന്നും എന്നാൽ, ചിലർ ഇത്തരം വീഡിയോകൾ നല്കുന്നത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും മോദി ആരോപിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് കോൺഗ്രസ് വിട്ടു നിന്നതിനെതിരെയും മോദി ആഞ്ഞടിച്ചു.
കഴിഞ്ഞ എഴുപത് കൊല്ലവും കോൺഗ്രസ് ക്ഷേത്ര നിർമ്മാണം തടപ്പെടുത്തിയെന്നും മോദി ആരോപിച്ചു.ഹിന്ദുത്വ വിഷയങ്ങളെക്കാൾ ജനങ്ങൾ തൊഴിലില്ലായ്മയും വിലക്കയറ്റവും ചർച്ച ചെയ്ത് തുടങ്ങിയെന്ന സർവ്വെ റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ബിജെപിയുടെ അടിസ്ഥാന വിഷയങ്ങളിലേക്ക് ശ്രദ്ധി തിരിച്ചു കൊണ്ടു വരാനും രാഹുലിനെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാനും മോദി ശ്രമിക്കുന്നത്.
ഇതിനിടെ, ജമ്മുകാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ വിഷയമാക്കി. കോൺഗ്രസ് അധികാരം കൊണ്ട് ജമ്മു കാശ്മീരിൽ 370 എന്ന മതിൽ തീർത്തെന്നും, ആ മതിൽ താൻ തകർത്തെന്നും മോദി ഉദ്ധംപൂരിലെ റാലിയിൽ പറഞ്ഞു. ജനങ്ങൾ ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തിലാണ്. കോൺഗ്രസോ പ്രതിപക്ഷ പാർട്ടികളോ സംസ്ഥാനത്ത് ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് പറയാൻ താൻ വെല്ലുവിളിക്കുമെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ജമ്മുകാശ്മീരിന് വൈകാതെ സംസ്ഥാന പദവി ലഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam