അമേഠിയിലെ തോൽവിക്ക് കാരണം പ്രാദേശിക നേതാക്കളെന്ന് രാഹുൽ ഗാന്ധി

By Web TeamFirst Published Jul 10, 2019, 7:38 PM IST
Highlights

വയനാട്ടിൽ നിന്നുള്ള എംപിയാണെങ്കിലും താൻ ദില്ലിയിൽ അമേഠിക്ക് വേണ്ടി പോരാടുമെന്ന് രാഹുൽ ഗാന്ധി 

അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അരലക്ഷത്തിലേറെ വോട്ടിന്റെ കനത്ത പരാജയം അമേഠിയിൽ ഏറ്റുവാങ്ങിയത് പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയതായി റിപ്പോർട്ട്. തോറ്റെങ്കിലും താൻ അമേഠി സീറ്റ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ഡിസിസി പ്രസിഡന്റ് നരേന്ദ്ര മിശ്രയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

"ഞാൻ അമേഠി വിട്ട് പോകില്ല. എന്റെ വീടും കുടുംബവും ഇതാണ്,"  രാഹുൽ ഗാന്ധി ഇവിടെ നടന്ന യോഗത്തിൽ ജനങ്ങളോട് പറഞ്ഞതായി നരേന്ദ്ര മിശ്ര പറഞ്ഞു. "ഞാൻ വയനാട്ടിലെ എംപിയായിരിക്കാം. പക്ഷെ അമേഠിയുമായുള്ളത് മുപ്പതാണ്ടിന്റെ ബന്ധമാണ്. അമേഠിക്ക് വേണ്ടി ഞാൻ ദില്ലിയിൽ പൊരാടും," ഗാന്ധി പാർട്ടി പ്രവർത്തകരോട് പറഞ്ഞു.

അതേസമയം ഗാന്ധി, പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിച്ചുവെന്നും നരേന്ദ്ര മിശ്ര പറഞ്ഞു. പ്രവർത്തകർ കഠിനമായി പരിശ്രമിച്ചുവെന്നും എന്നാൽ പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്നകന്നുവെന്നും രാഹുൽ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ രാഹുൽ ഗാന്ധി പാർട്ടി ദേശീയ അദ്ധ്യക്ഷ പദം ഒഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി അമേഠിയിലെത്തിയത്.

click me!