ഭയമില്ലെങ്കിൽ എന്നോടൊപ്പം സംവാദത്തിൽ ഏർപ്പെടണം; നരേന്ദ്രമോദിയെ വെല്ലുവിളിച്ച് രാഹുൽ ​ഗാന്ധി

By Web TeamFirst Published May 15, 2019, 9:52 PM IST
Highlights

'15 മിനിറ്റ് മാത്രമേ ഞാൻ അദ്ദേഹത്തോട് സംസാരിക്കൂ. അദ്ദേഹത്തിന് മൂന്ന് മണിക്കൂർ സംസാരിക്കാം. എന്നാൽ ഈ 15 മിനിറ്റ് കൊണ്ടുതന്നെ അദ്ദേഹം തോൽക്കും. മോദിക്ക് ഒരിക്കലും എന്നോട് സംവാദത്തിൽ ഏർപ്പെടാൻ സാധിക്കില്ല. കാരണം അദ്ദേഹത്തിന് ഭയമാണ്'- രാഹുൽ ​ഗാന്ധി പറഞ്ഞു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഭയമില്ലെങ്കിൽ തന്നോടൊപ്പം മോദി സംവാദത്തിൽ ഏർപ്പെടണമെന്ന് രാഹുൽ ​പറഞ്ഞു. പഞ്ചാബിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോൺ​ഗ്രസ് അധ്യക്ഷൻ.

'ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വിളിക്കുകയാണ്. റേസ് കോഴ്‌സ് റോഡോ പാര്‍ലമെന്റോ, മോദി പറയുന്ന എവിടെ വച്ച് വേണമെങ്കിലും അതാകാം.15 മിനിറ്റ് മാത്രമേ ഞാൻ അദ്ദേഹത്തോട് സംസാരിക്കൂ. അദ്ദേഹത്തിന് മൂന്ന് മണിക്കൂർ സംസാരിക്കാം. എന്നാൽ ഈ 15 മിനിറ്റ് കൊണ്ടുതന്നെ അദ്ദേഹം തോൽക്കും. മോദിക്ക് ഒരിക്കലും എന്നോട് സംവാദത്തിൽ ഏർപ്പെടാൻ സാധിക്കില്ല. കാരണം അദ്ദേഹത്തിന് ഭയമാണ്'- രാഹുൽ ​ഗാന്ധി പറഞ്ഞു.

ദില്ലിയിലെ ലോക് കല്യാണ്‍ മാര്‍ഗിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ്. അതിനെ ഔദ്യോഗികമായി  റേസ് കോഴ്‌സ് റോഡെന്നാണ് വിളിക്കുന്നത്. ഇതാദ്യമായല്ല നരേന്ദ്രമോദിയെ രാഹുൽ സംവാദത്തിനായി വെല്ലുവിളിക്കുന്നത്. 15 മിനിറ്റ് പോലും ലോക്‌സഭയില്‍ ചെലവഴിക്കാനും തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സമയമില്ലാത്ത പ്രധാനമന്ത്രി ലോകം മുഴുവന്‍ ചുറ്റുന്നുണ്ടെന്ന് രാഹുല്‍ ​ഗാന്ധി നേരത്തേ ആരോപിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രി നിരന്തരമായി നുണ പറയുന്നതിനാല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ(modilie) ഉള്‍പ്പെടുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശം വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്‍റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. സത്യത്തെ രൂപം മാറ്റുന്നു എന്ന അര്‍ത്ഥത്തിലാണ് രാഹുലിന്‍റെ ട്വീറ്റിലെ ഓക്സ്ഫോര്‍ഡ് പേജില്‍ മോദിലൈ എന്ന വാക്കിന് അര്‍ത്ഥം നല്‍കിയിരുന്നത്. 

click me!