
ദില്ലി: സാമ്പത്തിക ശാസ്ത്ര നോബേൽ പുരസ്കാര ജേതാവ് അഭിജിത്ത് ബാനർജി ഇടത് ചായ്‌വുള്ള ആളാണെന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "ഈ വർഗീയവാദികൾ വിദ്വേഷത്താൽ അന്ധരാണ്" എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
'മിസ്ററർ ബാനർജി, ഈ വർഗീയവാദികൾ വിദ്വേഷത്താൽ അന്ധരാണ്. ഒരു പ്രൊഫഷണൽ എന്താണെന്ന് അവർക്ക് അറിയില്ല. ഒരു ദശാബ്ദകാലം ശ്രമിച്ചാലും അവരോട് നിങ്ങൾക്ക് ഇത് വിശദീകരിക്കാൻ കഴിയില്ല. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ നിങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കുകയാണെന്ന് മാത്രം ഒർക്കുക'- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്തതെന്നായിരുന്നു പീയുഷ് ഗോയലിന്റെ പരാമർശത്തിന് അഭിജിത്ത് ബാനർജി മറുപടി നൽകിയത്. കോണ്‍ഗ്രസിന് പകരം ബിജെപി തന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും ഞാന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുമായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റു കാര്യങ്ങളില്‍ മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അഭിജിത്തിന്റെ ഈ മറുപടി ടാഗ് ചെയ്തുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
പീയുഷ് ഗോയലിനെതിരെ പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ ജോലി കോമഡി സർക്കസ് നടത്തുകയല്ല, മറിച്ച് തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ്. അഭിജിത് ബാനര്‍ജി സ്വന്തം അധ്വാനം കൊണ്ടാണ് നോബേല്‍ നേടിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയാണ് പീയുഷ് ഗോയൽ, അഭിജിത്തിനെതിരെ പരാമർശം ഉന്നയിച്ചത്. 'അഭിജിത് ബാനർജിയുടെ നൊബേൽ സമ്മാനലബ്ധിയിൽ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്നാൽ, അദ്ദേഹം ഒരു ഇടതുപക്ഷ ചിന്തകനാണ് എന്ന വസ്തുത നിങ്ങൾക്കൊക്കെ അറിവുള്ളതാണല്ലോ. അദ്ദേഹം കൂടി സഹായിച്ചിട്ടാണ് കോൺഗ്രസ് പ്രകടന പത്രികയിലൂടെ ന്യായ് പദ്ധതി അവതരിപ്പിച്ചത്. അതിനെ പൊതുജനം തെരഞ്ഞെടുപ്പിൽ പുറംകാലുകൊണ്ട് തട്ടിയെറിയുകയാണ് ഉണ്ടായത്'- എന്നായിരുന്നു പീയൂഷ് ഗോയൽ പറഞ്ഞത്.
Read Also: തന്നെ ഇടതനെന്നു വിളിച്ച പീയൂഷ് ഗോയലിനെതിരെ ആഞ്ഞടിച്ച് അഭിജിത് ബാനർജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam