
ദില്ലി: പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയിൽ ആദ്യ ദിവസം ശ്രദ്ധ നേടി രാഹുൽ ഗാന്ധി. സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും, തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുൽ ഗാന്ധിക്ക് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചു. കൂടിയാലോചനകളില്ലാതെയാണ് രാഹുലിന് സോണിയ ഗാന്ധി പ്രതിപക്ഷ സ്ഥാനം നൽകിയതെന്നും, ഇത് ഇന്ത്യ സഖ്യത്തിൽ പൊട്ടിത്തെറിക്ക് കാരണമാകുമെന്നും ബിജെപി പ്രതികരിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാർലമെന്റിലെത്തിയ രാഹുൽ ഗാന്ധിയിലേക്കായിരുന്നു എല്ലാവരുടെയും കണ്ണുകൾ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പുഞ്ചിരിയിലൊതുക്കി മറുപടി നൽകിയ ശേഷം ലോക്‌സഭയിലെത്തിയ അദ്ദേഹം മുൻ നിരയിൽ അഖിലേഷ് യാദവിനും കൊടിക്കുന്നിൽ സുരേഷിനുമൊപ്പം ഇരുന്നു. സ്പീക്കറായി ഓം ബിർളയെ തെരഞ്ഞെടുത്തപ്പോൾ ചെയറിലേക്ക് ആനയിക്കാൻ രാഹുൽ ഗാന്ധി ചെല്ലുമെന്ന് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. രാഹുൽ ഗാന്ധി വരുന്നത് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പെട്ടെന്ന് സ്വാഗതം ചെയ്തു. സ്പീക്കര്‍ക്കും പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധി കൈകൊടുത്തതും വ്യത്യസ്ത കാഴ്ചയായി.
പിന്നീടായിരുന്നു സ്പീക്കറെ ആശംസിച്ചുള്ള പ്രസംഗം. കഴിഞ്ഞ ലോക്സഭയിൽ നിന്ന് അയോഗ്യനായി ഇടയ്ക്ക് പുറത്തു പോയ രാഹുൽ ഗാന്ധിക്ക് ഈ പാർലമെൻററി ഉത്തരവാദിത്തം മധുര പ്രതികാരമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷം ഭരണഘടന സംരക്ഷിക്കാൻ സഭയിലുണ്ടാകണമെന്നാണ് ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം രാഹുലിനെതിരെ വിമർശനം തുടരുകയാണ് ബിജെപി. മകനെ പ്രതിപക്ഷ നേതാവാക്കിയ സോണിയ ഗാന്ധിയുടെ നടപടിയിൽ ഇന്ത്യ സഖ്യം അസ്വസ്ഥരാണെന്നും, സഖ്യത്തിൽ പൊട്ടിത്തെറി വൈകാതെയുണ്ടാകുമെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ശബ്ദമാരാൻ രാഹുലിനാകുമെന്ന് ഉറപ്പുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ നേടിയ അനുഭവങ്ങൾ അദ്ദേഹത്തിന് പദവിയിൽ ഗുണം ചെയ്യുമെന്ന് രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് ലോക്സഭയിൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam