
ദില്ലി : വിദേശത്ത് വെച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യസിംഗ് താക്കൂർ. വിദേശിയുടെ മകന് രാജ്യസ്നേഹം ഉണ്ടാകില്ലെന്ന ചാണക്യ വചനം സത്യമായെന്നും ബിജെപി എംപിയുടെ പരാമർശം. പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ ഇന്ത്യൻ പാര്‍ലമെന്‍റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ലെന്നതടക്കമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെകുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രഗ്യസിംഗ് താക്കൂർ. 'നിങ്ങളുടെ അമ്മ ഇറ്റലിയിൽ നിന്നാണെങ്കിലും നിങ്ങൾ ഇന്ത്യയിൽ നിന്നാണ് കരുതിപ്പോയി'. പക്ഷേ വിദേശിയുടെ മകന് രാജ്യസ്നേഹം ഉണ്ടാകില്ലെന്നത് സത്യമായെന്നുമായിരുന്നു ബിജെപി എംപി കൂടിയായ പ്രഗ്യയുടെ പരാമർശം.
ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്‍റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നടക്കം ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി ആദ്യം പ്രസംഗിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍, പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ലണ്ടനിൽ വച്ച് വെളിപ്പെടുത്തി.
പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ പാര്‍ലമെന്‍റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ല. ലഡാക്കിലും, അരുണാചല്‍ പ്രദേശിലുമായി രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ചൈനീസ് സൈന്യം കൈയേറിയപ്പോള്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചൈനക്ക് പ്രോത്സാഹനമായെന്നും രാഹുല്‍ പരിഹസിച്ചു. ലണ്ടനിൽ രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണ പരമ്പരകളിലൂടെ രാജ്യം അപമാനിക്കപ്പെട്ടെന്നാണ് ബിജെപി വിമർശനം. പരാമർശങ്ങൾ പാർലമെൻറിൽ ഉന്നയിക്കാനൊരുങ്ങുകയാണ് ബിജെപി. നാളെ അവകാശലംഘനത്തിന് നോട്ടീസ് നല്കാനാണ് തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam