
ദില്ലി: ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പട്ന കോടതി ജാമ്യം അനുവദിച്ചു. മോദി എന്ന് പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെയായിരുന്നു കേസ്. നരേന്ദ്ര മോദിയെയും ആർ എസ് എസിനെയും എതിർക്കുന്നവർ ആക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
"ആര്‍എസ്എസിന്‍റെയും നരേന്ദ്രമോദിയുടെയും ആദര്‍ശങ്ങളെ എതിര്‍ക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ്, കേസുകള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഭരണഘടനയെ സംരക്ഷിക്കാനാണ് എന്‍റെ പോരാട്ടം. അത് കര്‍ഷകര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി നിലകൊള്ളാനുള്ളതുമാണ്." പട്ന കോടതിക്ക് മുമ്പില്‍ വച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്‍റെ വിവാദപരാമര്‍ശം. ഏപ്രിൽ പതിമൂന്നിന് നടത്തിയ പ്രസംഗത്തിൽ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുൽ വിമർശിച്ചത്. 'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
രാഹുലിന്‍റെ പരാമര്‍ശം മോദി എന്ന് പേരുള്ളവരുടെയെല്ലാം വികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ചാണ് സുശീല്‍ കുമാര്‍ മോദി കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam