
ദില്ലി:മാനനഷ്ടക്കേസിൽ രണ്ടു കൊല്ലം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വവും അനിശ്ചിതത്വത്തിലായി. കുറ്റം സ്റ്റേ ചെയ്യാത്തതിനാൽ നിവിൽ രാഹുലിന് അയോഗ്യ വരാമെന്ന് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി. ഇതോടെ മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുലിന് നിർണ്ണായകമാകും.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളിൽ കർശന നിലപാട് മുമ്പ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതൽ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യരാകും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ അയോഗ്യത എന്നാണ് വ്യവസ്ഥ.
ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ടു വർഷം തടവാണ് ഇപ്പോൾ കോടതി രാഹുൽ ഗാന്ധിക്ക് നല്കിയിരിക്കുന്നത്. ശിക്ഷ മാത്രമാണ് ഇപ്പോൾ വിചാരണ കോടതി സ്റ്റേ ചെയ്തിരിക്കുന്നത് എന്നാണ് പാർട്ടി നേതാവ് കൂടിയായ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി അറിയിച്ചത്. കുറ്റം പൂർണ്ണമായും സ്റ്റേ ചെയ്താലേ അയോഗ്യത നടപടികൾ ഒഴിവാക്കാനാകൂ. ഈ അപേക്ഷ കോടതി അംഗീകരിക്കും എന്നാണ് കോൺഗ്രസ് പ്രതീക്ഷ.
കുറ്റക്കാരനാക്കിയ വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ആദ്യം വിചാരണ കോടതിയെ സമീപിക്കും എന്നാണ് സിംഗ്വി അറിയിച്ചത്. അപ്പീൽ പരിഗണിക്കുമ്പോൾ ഹൈക്കോടതിയും ഈ വിധി പൂർണ്ണമായും സ്റ്റേ ചെയ്യണം. ഹൈക്കോടതി ശിക്ഷ മാത്രമാണ് സ്റ്റേ ചെയ്യുന്നതെങ്കിൽ രാഹുൽ ഗാന്ധിക്ക് ലോക്സഭ അംഗത്വം നഷ്ടമാകും. ലക്ഷദ്വീപ് എംപി മൂഹമ്മദ് ഫൈസലിനെ കുറ്റക്കാരനാക്കിയ വിധി നേരത്തെ ഹൈക്കോടതി പൂർണ്ണായും സ്റ്റേ ചെയ്തിരുന്നു. അതിനാൽ മേൽക്കോടതികൾ എടുക്കുന്ന നിലപാട് രാഹുലിന് നിർണ്ണായകമാകും. മജിസ്ട്രേറ്റിൻറെ നടപടി നിയമവിരുദ്ധമാണെങ്കിലും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇനി ഈ വിധി വലിയ സമ്മർദ്ദമായി തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam