
ദില്ലി: സിൽവർ ലൈൻ പദ്ധതിയുടെ സാങ്കേതിക-സാമ്പത്തികവശങ്ങൾ പരിഗണിച്ചതിനു ശേഷം മാത്രമേ കേന്ദ്രസർക്കാർ അംഗീകാരം നൽകൂവെന്ന് റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവ് ലോക്സഭയിൽ അടൂർ പ്രകാശ് എം.പിക്കു നൽകിയ മറുപടിയിൽ വ്യക്‌തമാക്കി.
പദ്ധതിക്കായി കേരളം സമർപ്പിച്ച ഡി.പി.ആർ (ഡീറ്റൈൽ പ്രൊജക്ട റിപ്പോർട്ട്) അപൂർണമാണ്. പദ്ധതിയുടെ അലൈന്മെന്റ്, വേണ്ടി വരുന്ന റെയിൽവേ സ്വകാര്യ ഭൂമി, നിലവിലെ റെയിൽവേ ലൈനിൽ വരുന്ന ക്രോസിങ്ങുകൾ, ബാധിക്കുന്ന റെയിൽവേ വസ്തുവകകൾ എന്നിവയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കേരള റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ 1000 കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികൾക്കും സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. 33700 കോടി രൂപ വായ്പാ ബാധ്യത എന്ന വാദവും പരിശോധിക്കേണ്ടതുണ്ടെന്നും മറുപടിയിൽ റെയിൽവേ മന്ത്രി വ്യക്‌തമാക്കി.
സിൽവർ ലൈൻ പദ്ധതിയുടെ ചെലവ് സംബന്ധിച്ച് കേരളം സമർപ്പിച്ച കണക്കുകൾ ശരിയല്ലെന്നും പദ്ധതിക്ക് ചുരുങ്ങിയത് ഒരു ലക്ഷം കോടിക്ക് മേൽ ചെലവ് വരുമെന്നാണ് റെയിൽവേയുടെ കണക്കെന്നും റെയിൽവേ മന്ത്രി നേരത്തെ രാജ്യസഭയിൽ പറഞ്ഞിരുന്നു. സാങ്കേതികമായും പാരിസ്ഥിതികമായും സങ്കീർണമാണ് സിൽവർ ലൈൻ പദ്ധതിയെന്നും ഈസാഹചര്യത്തിൽ എല്ലാ വശവും പരിശോധിച്ചു മാത്രമേ പദ്ധതിക്ക് അനുമതി നൽകൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam