
തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി മെനു പരിഷ്കരിച്ച തീരുമാനം പിന്‍വലിച്ച് റെയില്‍വേ. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റ് പോന്നിരുന്ന, മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും ഉള്‍പ്പെടുത്താതെ പുതിയ മെനു പുറത്തിറക്കിയതില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. മാധ്യമ പ്രവര്‍ത്തകനായ ദീപു സെബാസ്റ്റ്യന്‍റെ ട്വീറ്റിന് മറുപടിയായാണ് റെയില്‍വേ തീരുമാനം മാറ്റിയ വിവരം ട്വീറ്റ് ചെയ്തത്.
മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊഴിവാക്കിയത് സാംസ്കാരിക ഫാസിസം അല്ലേയെന്നായിരുന്നു ദീപു റെയില്‍വേയോട് ചോദിച്ചത്. സമാനമായ പ്രതികരണങ്ങളുമായി നിരവധിപ്പേര്‍ റെയില്‍വേയുടെ ഫേസ്ബുക്ക് പേജിലും ട്വിറ്റര്‍ അക്കൗണ്ടിലുമെത്തിയിരുന്നു. മുന്‍പ് വിതരണം ചെയ്ത വിഭവങ്ങള്‍ എല്ലാം വീണ്ടും റെയില്‍വേ വിതരണം ചെയ്യുമെന്ന് ട്വീറ്റ് വ്യക്തമാക്കുന്നു. നേരത്തെ റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മെനുവില്‍ പുതിയ പരിഷ്കരണം നടത്തിയത്.
കേരളത്തിലെ വിഭവങ്ങള്‍ക്ക് പകരം നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളായിരുന്നു പുതിയ മെനുവില്‍ ഇടം പിടിച്ചത്. പഴംപൊരി, ബജി, ഇലയട, കൊഴുക്കട്ട, ഉണ്ണിയപ്പം, നെയ്യപ്പം, സുഖിയൻ എന്നീ ലഘു ഭക്ഷണങ്ങളെല്ലാം മെനുവില്‍ നിന്ന് പുറത്തായിരുന്നു. പകരം സമൂസ, കച്ചോരി, ആലു ബോണ്ട, സ്റ്റഫ്ഡ് പക്കോഡ എന്നിവ ഇടം പിടിച്ചു. ഉഴുന്നുവട, പരിപ്പുവട എന്നിവ മെനുവില്‍ നില നിര്‍ത്തിയിരുന്നു. സ്നാക്ക് മീൽ വിഭാഗത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് മസാല ദോശയും തൈര്, സാമ്പാർ സാദം തുടങ്ങിയവയാണ് ഉളളത്. രാജ്മ ചാവൽ, ചോല ബട്ടൂര, പാവ് ബാജി, കിച്ചടി, പൊങ്കൽ, കുൽച്ച എന്നിവയാണ് പട്ടികയിലുളള മറ്റ് വിഭവങ്ങൾ.
ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ വില നിരക്കുകളും തോന്നിയപോലെ കൂട്ടിയിരുന്നു. ഊണിന്റെ വില 35 രൂപയിൽ നിന്ന് 70 രൂപയാക്കി. എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും 15 രൂപയാക്കി. 2 വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു 2 എണ്ണത്തിന് 20 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിരുന്നത്.
മാത്രമല്ല പ്രഭാതഭക്ഷണമായ ഭക്ഷണമായ രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിർബന്ധമായി വാങ്ങണമെന്നും പുതിയ പാക്കേജിലുണ്ടായിരുന്നു. മൂന്നാമതൊരു ഇഡലി വേണമെങ്കിൽ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങേണ്ടിവരുന്ന അവസ്ഥയും പരിഷ്കാരങ്ങള്‍ മൂലം വന്നിരുന്നു. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) മെനു പരിഷ്കരിച്ചു നിരക്കുകൾ കൂട്ടിയത്.കേട്ടുകേള്‍വിയില്ലാത്ത പാക്കേജുകളിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വലിയ വിലയില്‍ അടിച്ചേല്‍പ്പിക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam