Coal Shortage: കൽക്കരി വിതരണം വേഗത്തിലാക്കാൻ റെയിൽവേ, കൽക്കരി വണ്ടികൾക്കായി യാത്രാ വണ്ടികൾ റദ്ദാക്കും

Published : Apr 29, 2022, 10:37 AM IST
Coal Shortage: കൽക്കരി വിതരണം വേഗത്തിലാക്കാൻ റെയിൽവേ, കൽക്കരി വണ്ടികൾക്കായി യാത്രാ വണ്ടികൾ റദ്ദാക്കും

Synopsis

രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി

ദില്ലി: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി ഇടപെട്ട് ഇന്ത്യൻ റെയിൽവേ. കൽക്കരി വിതരണം വേഗത്തിലാക്കാൻ റെയിൽവേ നടപടികൾ പ്രഖ്യാപിച്ചു. കൽക്കരി വിതരണം വേഗത്തിലാക്കാനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകൾ മെയ് 24 വരെ റദ്ദാക്കും.  കൽക്കരി തീവണ്ടികളുടെ നീക്കം വേഗത്തിലാക്കാനാണ് ഈ നടപടി. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പ്രതിദിനം 3500 ടൺ കൽക്കരി താപവൈദ്യുതി നിലയങ്ങളിൽ  എത്തിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 

രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ (Appropriate coal stocks in country Says Union minister Pralhad Joshi). ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും  മന്ത്രി വ്യക്തമാക്കി. രാജ്യത്തെ പ്രധാന കൽക്കരി വിതരണ സ്ഥാപനമായ കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. 

അതേസമയം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലും ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ് .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു .ദില്ലിക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ കൽക്കരി ഉറപ്പാക്കണമെന്നാണ് ആവശ്യം. നിലവിൽ ദില്ലിയിൽ വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം കൽക്കരി ശേഖരമുള്ള സാഹചര്യത്തിലാണ് കത്തയച്ചത്

ജാർഖണ്ഡിൽ ഏഴ് മണിക്കൂറോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. പഞ്ചാബിൽ ആകെയുള്ള പതിനഞ്ച് താപനിലയിങ്ങളിൽ നാല് എണ്ണത്തിൻ്റെ പ്രവർത്തനം സ്തംഭിച്ച സാഹചര്യമാണ്. 5880 മെഗാവാട്ട് ശേഷിയിൽ 3327 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത്  ഉത്പാദിപ്പിക്കുന്നത്. കനത്ത ചൂട് കാരണം വൈദ്യുതി ഉപയോഗം രാജ്യത്താകമാനം ഉയർന്നിട്ടുണ്ട്. കൊവിഡിന് ശേഷം വ്യവസായ മേഖലയും വിപണിയും ഉണർന്നതും വൈദ്യുതിയുടെ ആവശ്യം വർദ്ധിപ്പിച്ചു.  കൽക്കരി ലഭ്യത കുറഞ്ഞതും   പ്രതിസന്ധിയ്ക്ക് കാരണമാണ്. എന്നാൽ കൽക്കരി ക്ഷാമം രാജ്യത്ത് ഇല്ലെന്നും.അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. കൽക്കരി എത്തിക്കുന്നതിലെ കാലാ താമസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപോർട്ടുകൾ

അതേസമയം സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം. നഗര പ്രദേശങ്ങളേയും ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവാണ് ഇപ്പോഴുള്ളത്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നും  മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആധാറിൽ സുപ്രധാനമായ മറുപടിയുമായി കേന്ദ്രം, ആർക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി; 'ആധാർ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം'
പുതിയ തൊഴിലുറപ്പ് ബില്ലിൽ ലോക്സഭയിൽ ചർച്ച; വികസിത ഭാരതത്തിനുള്ള ബില്ലെന്ന് സർക്കാർ, രാത്രി 10 മണിവരെ ചർച്ച തുടരും