
ശ്രീനഗര്‍: കശ്മീർ റെയിൽവേ റൂട്ടിൽ ഇന്ത്യ ഒരുക്കിയ മറ്റൊരു വിസ്മയമായി അൻജി പാലം. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ കേബിൾ നിർമിത പാലമാണ് അൻജി പാലം. ദുർഘടമായ രണ്ട് മലയിടുക്കൾക്കിടയിൽ, ആകാശത്ത് നിന്നൊരു ഊഞ്ഞാൽ കെട്ടിയത് പോലെ തോന്നിപ്പിക്കും അൻജി പാലത്തിന്‍റെ വിസ്മയകാഴ്ച. ഉദ്ദംപൂർ - ബാരാമുള്ള റൂട്ടിലാണ് ഈ നിര്‍മ്മാണ വിസ്മയം.
ജമ്മുവിൽ നിന്ന് 80 കി.മീ അകലെ, കട്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഒരു കേബിൾ പാലമാണ് അൻജി പാലം. കട്ര ഭാഗത്ത് സ്ഥലപരിമിതിയുണ്ടായിരുന്നു, അതുകൊണ്ട് അപ്രോച്ച് പാലം വേണ്ടിവന്നു. അതിനാൽ 95 ശതമാനം ജോലികളും റിയാസി ഭാഗത്ത് നിന്ന് ചെയ്ത് തീർത്താണ് പാലം പണി പൂർത്തിയാക്കിയത്. നദീതടത്തിൽ നിന്ന് 331 മീറ്റർ മുകളിലായി നിർമിച്ച പാലത്തിന് ഉയരം 193 മീറ്ററാണ്.
അപ്രോച്ച് പാലത്തിന് ചെലവായത് 435 കോടിയാണ്. പാലത്തിന്‍റെ രണ്ടറ്റത്തും അപകടം പതിയിരിക്കുന്ന അതിദുർഘടമായ മലയിടുക്കളാണ്. രണ്ട് ഉയരങ്ങളിലുള്ള ഇടുങ്ങിയ മലപ്രദേശങ്ങളെ ബന്ധിപ്പിക്കാൻ, ഇന്ത്യൻ റെയിൽവേ നേരിട്ടത് അത്യാസാധാരണ വെല്ലുവിളികളാണ്. കൂറ്റൻ തൂണ് നിർമിച്ച്, 295 മീറ്റർ മുതൽ 82 മീറ്റർ വരെ നീളമുള്ള കേബിളുകൾ സ്ഥാപിച്ചായിരുന്നു നിർമാണം.
ഉദ്ദംപൂർ - ബാരാമുള്ള റെയിൽ റൂട്ടിൽ, ഇനി സർവീസ് തുടങ്ങാനുള്ള കട്ര-ബനിഹാൾ സെക്ഷനിലെ ഏറ്റവും പ്രധാനപ്പെട്ട നിർമാണമാണ് അൻജി പാലം. അപ്രോച്ച് പാലങ്ങൾ പ്രധാനപാലവും ടണലുകളും അടക്കം പല ഘട്ടങ്ങളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറ് വർഷം, നാനൂറോളം ജീവനക്കാർ നടത്തിയ കഠിനപരിശ്രമം കൊണ്ടാണ് ഇന്ത്യയുടെ ആദ്യ കേബിൾ നിർമിത പാലം പൂർത്തിയാക്കിയത്.
213 കി.മീ വേഗത്തിൽ വരെ വീശുന്ന കാറ്റിനെയും ഭൂകമ്പങ്ങളെയും ആക്രമങ്ങളെയും ഒക്കെ നേരിടാൻ കരുത്തുള്ള പാലമാണ് അൻജി. പാലത്തിലുടനീളം നിരീക്ഷണ സെൻസറുകളുണ്ട്. 100 കി.മീ വേഗത്തിൽ ട്രെയിനുകൾക്ക് പാലത്തിലൂടെ കൂതിക്കാം. ഇന്ത്യൻ ഏജൻസികൾക്കൊപ്പം, ഇറ്റാലിയൻ സ്റ്റേറ്റ് റെയിൽവേയ്സ് ഗ്രൂപ്പിന്‍റെ സാങ്കേതിക വിദ്യയയുടെ സഹായത്തോടെയാണ് ഇന്ത്യൻ റെയിൽവേ താഴ്വരയിൽ വിസ്മയത്തിന്‍റെ പാലമൊരുക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam