
ദില്ലി: എസി കോച്ചിൽ ടിക്കറ്റെടുക്കാത്തവർ കയറി തിരക്കുണ്ടാക്കിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ റെയിൽവേ. തിരക്കേറിയ സെക്കൻഡ് എസി സ്ലീപ്പർ കോച്ചിൻ്റെ വീഡിയോ എക്‌സിൽ യാത്രക്കാരൻ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയത്. കപിൽ എന്ന യാത്രക്കാരനാണ് വീഡിയോ പങ്കുവെച്ചത്. റെയിൽവേ മന്ത്രാലയം ശനിയാഴ്ച കപിലിൻ്റെ ട്വീറ്റിനോട് പ്രതികരണവുമായി രംഗത്തെത്തി. ട്രെയിനിൽ തിരക്കുണ്ടായിട്ടില്ലെന്നും തെളിവിനായി വീഡിയോ പങ്കുവെക്കുകയാണെന്നും റെയിൽവേ അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തരുതെന്നും റെയിൽവേ മുന്നറിയിപ്പ് നൽകി.
എന്നാൽ ഏപ്രിൽ 14ലെ കാശി എക്സ്പ്രസിലെ വീഡിയോയാണ് താൻ പുറത്തുവിട്ടതെന്നും ഇന്നത്തെ വീഡിയോയാണ് റെയിൽവേ പുറത്തുവിട്ടതെന്നും കപിൽ പറഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നതിൽ നിന്ന് യാത്രക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയ്ക്കും ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിനും ഇടയിൽ ഓടുന്ന, കാശി എക്‌സ്‌പ്രസിൻ്റെ ഏപ്രിൽ 14-ലെ വീഡിയോയാണ് താൻ പങ്കുവെച്ചതെന്നും കുളമാകാൻ ഇനി ഫസ്റ്റ് എസി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം കുറിച്ചു.
തിരക്ക് കാരണം ട്രെയിനിന്റെ വാതിൽ കൃത്യമായി അടയാതിരിക്കുകയും എസി കൃത്യമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വേനൽക്കാലത്ത് 43 ശതമാനം കൂടുതൽ ട്രെയിൻ യാത്രകൾ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. തിരക്ക് പരിഗണിത്ത് ഈ സീസണിൽ 9,111 അധിക ട്രിപ്പുകൾ അനുവദിച്ചെന്നും റെയിൽവേ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. 2023-ലെ വേനൽക്കാലത്ത് അപേക്ഷിച്ച് 6,369 ട്രിപ്പുകളായിരുന്നു അധികമായി ഓടിയത്. ഇത്തവണ 9111 അധിക സർവീസ് നടത്തി. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വേനൽക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്തുമെന്നും റെയിൽവേ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam