രാജ്ഭവന്‍ 'നീരീക്ഷണത്തില്‍'; പവിത്രത ഇല്ലാതാക്കുന്ന നടപടിയെന്ന് ബംഗാള്‍ ഗവര്‍ണര്‍

By Web TeamFirst Published Aug 16, 2020, 5:02 PM IST
Highlights

നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്ഭവനില്‍ ചായ സല്‍ക്കാരം ഒഴിവാക്കിയതിന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.  

കൊല്‍ക്കത്ത: രാജ്ഭവന്‍ നീരീക്ഷണത്തിലാണെന്നും ഇത് സ്ഥാപനത്തിന്റെ പവിത്രത ഇല്ലാതാകുന്ന നടപടിയാണെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍.  കഴിഞ്ഞ ഒരു വര്‍ഷമായി മമതാ ബാനര്‍ജി സര്‍ക്കാരുമായി ഗവര്‍ണര്‍ നിരന്തരം കൊമ്പുകോര്‍ത്തിട്ടുണ്ട്. സംസ്ഥാനത്ത് അധാര്‍മ്മികത നിലനില്‍ക്കുന്നുവെന്നാണ് ധന്‍കര്‍ ഇന്ന് പ്രതികരിച്ചത്. 

'രാജ്ഭവന്‍ നിരീക്ഷണത്തിലാണെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് രാജ്ഭവന്റെ പവിത്രതയെ ഇല്ലാതാക്കുന്നു. അതിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഞാന്‍ എല്ലാം ചെയ്യും.' - ജഗ്ദീപ് ധന്‍കര്‍ രാജ്ഭവനില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്ഭവനില്‍ ചായ സല്‍ക്കാരം ഒഴിവാക്കിയതിന് മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.  സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നിരവധി ട്വീറ്റുകളും അദ്ദേഹം ചെയ്തിരുന്നു.  രാജ്ഭവനെ നിരീക്ഷണത്തിലാക്കിയതില്‍  വളരെ ഗൗരവമേറിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  രാജ്ഭവന്റെ പവിത്രത അതേപടി നിലനിർത്തേണ്ടതുണ്ട്, അന്വേഷണം ഉടനെ പൂര്‍ത്തിയാകും, തെറ്റുകാര്‍ ചട്ടപ്രകാരം വില നല്‍കേണ്ടി വരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
 

click me!