'കാവിനിറം ആരുടെയും കുത്തകയല്ല'; തീവ്രഹിന്ദുത്വ പാതയിലേക്ക് മഹാരാഷ്ട്ര നവനിർമാൺ സേന

Web Desk   | Asianet News
Published : Jan 23, 2020, 11:30 AM IST
'കാവിനിറം ആരുടെയും കുത്തകയല്ല'; തീവ്രഹിന്ദുത്വ പാതയിലേക്ക് മഹാരാഷ്ട്ര നവനിർമാൺ സേന

Synopsis

പാര്‍ട്ടിയുടെ പുതിയ പതാക രാജ് താക്കറെ പുറത്തിറക്കി. പൂര്‍ണമായും കാവി നിറത്തിലുള്ളതാണ് പുതിയ പതാക. തീവ്രഹിന്ദുത്വ രാഷ്ട്രീയം സ്വീകരിക്കുന്നതിന്റെ സൂചനയാണ് ഈ നിറം മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

മുംബൈ: തീവ്രഹിന്ദുത്വ നിലപാടില്‍ നിന്ന് ശിവസേന പിന്നാക്കം പോയ സാഹചര്യത്തില്‍ ബദല്‍ ശക്തിയാകാനൊരുങ്ങി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. ഇതിന്‍റെ ഭാഗമായി പാര്‍ട്ടിയുടെ പുതിയ പതാക രാജ് താക്കറെ പുറത്തിറക്കി. പൂര്‍ണമായും കാവി നിറത്തിലുള്ളതാണ് പുതിയ പതാക. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജന്മദിനമായ ഇന്ന് നടന്ന മഹാ സമ്മേളനത്തിലാണ് പതാക മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

ഓറഞ്ച്, പച്ച, നീല എന്നീ നിറങ്ങളായിരുന്നു മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പതാകയിലുണ്ടായിരുന്നത്. ഇതാണ് പൂര്‍ണമായും കാവിയിലേക്ക് മാറിയിരിക്കുന്നത്. തീവ്രഹിന്ദുത്വ രാഷ്ട്രീയം സ്വീകരിക്കുന്നതിന്റെ സൂചനയാണ് ഈ നിറം മാറ്റത്തിന് പിന്നിലെന്നാണ് സൂചന. കാവിനിറം ആരുടെയും കുത്തകയല്ല. മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്. ഞങ്ങളും കാവിയാണ്. ഈ പതാകമാറ്റം മഹാരാഷ്ട്രയ്ക്കാകെ പുതു ഊര്‍ജം പകരുമെന്നുറപ്പാണ്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുകളും സാധ്യതകളുമുണ്ടാകും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സന്ദീപ് ദേശ്‍പാണ്ഡെ പറഞ്ഞു.

ശിവസേനയുമായി ഉടക്കിപ്പിരിഞ്ഞ് 2006ലാണ് രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന രൂപീകരിച്ചത്. 2009ല്‍ പാര്‍ട്ടിക്ക് 13 എംഎല്‍എമാരുണ്ടായി. എന്നാല്‍ 2019ല്‍ ഒരു സീറ്റില്‍ മാത്രമാണ് വിജയം നേടാനായത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ പുതുക്കിയെടുക്കാനാണ് രാജ് താക്കറെയുടെ ശ്രമം. തീവ്രഹിന്ദുത്വ നിലപാടില്‍ നിന്നുള്ള ശിവസേനയുടെ പിന്നോട്ട് പോക്ക് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും രാജ് താക്കറെ കണക്കുകൂട്ടുന്നു.

മുംബൈ, പൂനെ, നാസിക്, കൊങ്കണ്‍ മേഖലകളില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നിര്‍ണായക ശക്തിയാണ്. ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്നും സൂചനയുണ്ട്. തീവ്രഹിന്ദുത്വ നിലപാടിലേക്കുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ കളംമാറ്റത്തിന് പിന്നില്‍ ബിജെപിയുടെ സ്വാധീനമുണ്ട് എന്നും അഭ്യൂഹങ്ങള്‍ പുറത്തുവരുന്നുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'
'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത