
ദില്ലി: വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കുമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ നിലപാടിനെതിരെ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്ത്. കേന്ദ്രസർക്കാർ ഐടി നിയമങ്ങളുടെ ഭാഗമായി വ്യാജവാർത്തകൾ കണ്ടെത്താനും നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചപ്പോൾ കപിൽ സിബൽ, എഡിറ്റേഴ്സ് ഗിൽഡ് തുടങ്ങിയ ഒരു വിഭാഗം അതിനെതിരെ രംഗത്തെത്തിയെന്നും ഇപ്പോൾ സിദ്ധരാമയ്യ സർക്കാറിനെതിരെ ആർക്കും മിണ്ടാട്ടമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2004-2014 കാലത്തെ കോൺഗ്രസ് സർക്കാരുകൾ Sec66A ദുരുപയോഗം ചെയ്തപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യ വ്യാജ വാർത്തകൾ കണ്ടെത്താനും ശിക്ഷിക്കാനും ഫാക്ട് ചെക്കിങ് പൊലീസിനെ ഉപയോഗിക്കുന്നു. കോൺഗ്രസിന് ഈ വിഷയത്തിൽ കപട നിലപാടാണെന്നും കോൺഗ്രസ് സഖ്യകക്ഷികളുടെയും ഇടത് മാധ്യമങ്ങളുടെയും നിശബ്ദത കപടമാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. രാഹുലിന്റെ കോൺഗ്രസും കോൺഗ്രസ് സഖ്യങ്ങൾക്കും (പിണറായി വിജയൻ, എംകെ സ്റ്റാലിൻ, ശരദ് പവാർ) നരേന്ദ്ര മോദി സർക്കാറിനും ഫാക്ട് ചെക്കിങ് നയത്തിൽ കാര്യമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാക്ട് ചെക്കിങ് സംബന്ധിച്ച് കേന്ദ്രസർക്കാറിന് വ്യക്തതയുണ്ട്. വ്യാജവാർത്ത സംബന്ധിച്ച തർക്കങ്ങൾ കോടതിയിൽ പരിഹരിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതാണ് കോൺഗ്രസും സഖ്യകക്ഷികളും ചെയ്യുന്നത്. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും അപകടത്തിലാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകും. മറുവശത്ത് എന്നാൽ തെറ്റായ വിവരങ്ങളുടെ പേരിൽ ക്രിമിനൽ കുറ്റമാക്കുകയും പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ജയിലിലടക്കുകയും ചെയ്യും. ഈ വിഷയം കോൺഗ്രസ് സംസാരിക്കുമ്പോൾ നുണയന്മാരും കപടന്മാരുമാണെന്ന് കരുതണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Read More... 'ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്തണം'; മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ