'സ്റ്റൈൽ മന്നന്‍ രജനിയുടെ ചിത്രം തുണച്ചു'; കൊലക്കേസ് പ്രതിയെ കൈയ്യോടെ പിടികൂടി പൊലീസ്

By Web TeamFirst Published Jun 4, 2019, 12:32 PM IST
Highlights

ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ഒരു സ്വകാര്യ സ്കൂളിൽ ക്ലർക്കായിരുന്ന നിര്‍മ്മല ബായി(45)യുടെ കൊലക്കേസിലാണ് രജനികാന്തിന്റെ ചിത്രം നിർണായക വഴിത്തിരിവായത്. 

നെല്ലൂർ: കൊലപാതക കേസിലെ പ്രതിയെ പിടികൂടാൻ പൊലീസിന് തുണയായത് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഒട്ടിച്ചിരുന്ന സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ചിത്രം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ഒരു സ്വകാര്യ സ്കൂളിൽ ക്ലർക്കായിരുന്ന നിര്‍മ്മല ബായി(45)യുടെ കൊലക്കേസിലാണ് രജനികാന്തിന്റെ ചിത്രം നിർണായക വഴിത്തിരിവായത്. രാമസ്വാമി എന്നറിയപ്പെടുന്ന വേമാസാനി ശ്രീകാന്ത് എന്ന രജനികാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

നെല്ലൂരിലെ  വസതിയിൽ തനിച്ച് താമസിക്കുകയായിരുന്ന നിര്‍മ്മലയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിക്കുകയായിരുന്നു.  വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.  സമീപത്തെ സിസിടിവിയിൽ നിന്നും രജനീകാന്തിന്റെ ചിത്രം പതിച്ച ഓട്ടോ സംഭവത്തിന് മുമ്പ് വരികയും തിരികെ പോവുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാമസ്വാമിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.

മോഷണമായിരുന്നു ലക്ഷ്യമെന്ന് രാമസ്വാമി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൊല നടത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി, നിര്‍മ്മലയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കുന്നതിനായാണ് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.
 

click me!