രാജീവ് ഗാന്ധി രാജീവ് ഫിറോസ് ഖാന്‍, ഗാന്ധി കുടുംബം മുസ്ലീങ്ങളാണ്; മുന്‍ പ്രധാനമന്ത്രിക്കെതിരെ ബിജെപി എംപി പാര്‍ലമെന്‍റില്‍

By Web TeamFirst Published Feb 3, 2020, 7:16 PM IST
Highlights

ഷബാനു കേസില്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി മുസ്ലീമായതിനാലാണെന്നും പര്‍വേശ് വെര്‍മ്മ പറഞ്ഞു. 

ദില്ലി: ബജറ്റ് സെഷനില്‍  പ്രസിഡന്‍റിന്‍റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ രാജീവ് ഗാന്ധിക്കെതിരെ വസ്തുതാ വിരുദ്ധ പരാമര്‍ശങ്ങളുമായി ബിജെപി എംപി പര്‍വേശ് വെര്‍മ്മ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന്‍ എന്നാണ് പര്‍വേശ് വെര്‍മ്മ വിശേഷിപ്പിച്ചത്. ഇന്ദിരാ ഗാന്ധി മുസ്ലീമിനെയാണ് വിവാഹം കഴിച്ചതെന്നും ഗാന്ധി കുടുംബം മുസ്ലീം കുടുംബമാണെന്നും അവര്‍ മതം മറച്ചുവെക്കുകയായിരുന്നുവെന്നും പര്‍വേശ് വെര്‍മ്മ ആരോപിച്ചു.

ഇത് രാജീവ് ഫിറോസ് ഖാന്‍റെ സര്‍ക്കാറല്ല, നരേന്ദ്ര മോദിയുടെ സര്‍ക്കാറാണ്. അതുകൊണ്ട് തന്നെ സിഎഎ പിന്‍വലിക്കാന്‍ പോകുന്നില്ല. ഷബാനു കേസില്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി മുസ്ലീമായതിനാലാണെന്നും പര്‍വേശ് വെര്‍മ്മ പറഞ്ഞു. ജയ് ശ്രീ റാം എന്ന് വിളിച്ചാല്‍ പ്രതിപക്ഷത്തിന്‍റെ പാപം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. പര്‍വേശ് വെര്‍മ്മ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ പ്രതിപക്ഷം സഭ വിട്ടിരുന്നു. ഷഹീന്‍ബാഗിലെ സമരക്കാര്‍ ലക്ഷ്യം വെക്കുന്നത് നരേന്ദ്ര മോദിയെയും അമിത് ഷായെയുമാണെന്ന് ജിന്നാ വാലി ആസാദി, പാകിസ്ഥാന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നതെന്നും വെര്‍മ ആരോപിച്ചു.

വിവാദ പരാമര്‍ശം നടത്തിയതിന് ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പര്‍വേശ് വെര്‍മ്മയെ വിലക്കിയിരുന്നു. ഷഹീന്‍ബാഗ് സമരക്കാര്‍ നിങ്ങളുടെ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു പര്‍വേശിന്‍റെ വിവാദ പരാമര്‍ശം. ഇന്ദിരാഗാന്ധി വിവാഹം കഴിച്ചത് മുസ്ലീമിനെയാണെന്ന് ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. ഫിറോസ് ഖാന്‍ എന്ന പേര് നെഹ്റു ഫിറോസ് ഗാന്ധിയാക്കിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, പാര്‍സി മതവിഭാഗത്തില്‍പ്പെട്ടയാളാണ് ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി. 

click me!