ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയും പാസാക്കി, സഭയിൽ തർക്കിച്ച് അമിത് ഷായും ബിനോയ് വിശ്വവും 

Published : Apr 06, 2022, 08:54 PM ISTUpdated : Apr 06, 2022, 08:57 PM IST
ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയും പാസാക്കി, സഭയിൽ തർക്കിച്ച് അമിത് ഷായും ബിനോയ് വിശ്വവും 

Synopsis

നിയമം ദുരുപയോഗപ്പെടുത്താൻ സാധ്യതയെന്ന് ബിനോയ് വിശ്വം. രാഷ്ട്രീയ കൊലപാതകം നടക്കുന്ന കേരളത്തിൽ നിന്നുള്ള അംഗമായ ബിനോയ് വിശ്വത്തിന് അങ്ങനെ പറയാൻ അവകാശമില്ലെന്ന് അമിത് ഷാ 

ദില്ലി : ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയിലും പാസായി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ പാസായത്. ബില്ലിനെ ഭയക്കുന്നതെന്തിനാണെന്ന ചോദ്യമുയർത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ, മനുഷ്യാവകാശം, സ്വകാര്യത വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യ എതിര്‍പ്പുയര്‍ത്തരുതെന്നും പറഞ്ഞു. 

'മനുഷ്യാവകാശമെന്നത് ഒരു ഭാഗത്ത് മാത്രമുള്ളതല്ല. അക്രമങ്ങൾക്ക് ഇരയാകാവുന്നവർക്കും മനുഷ്യാവകാശമുണ്ട്. ദേശസുരക്ഷ ലക്ഷ്യമിട്ടാണ് സർക്കാർ ഈ ബിൽ കൊണ്ടുവരുന്നത്. പൊലീസ് സേന കൂടുതൽ സജ്ജമാകേണ്ടതുണ്ട്'. ബില്ലിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രീയാടിസ്ഥാനത്തിലുള്ള കുറ്റാന്വേഷണം രാജ്യത്ത് കൂടുതൽ മികവുറ്റതാകും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ നിയമങ്ങൾ അത്ര കർക്കശമല്ല. ബ്രിട്ടൺ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത നിയമങ്ങളാണ് നിലവിലുള്ളതെന്നും അമിത് ഷാ പറഞ്ഞു. 

ബിൽ അവതരിപ്പിക്കുന്ന വേളയിൽ അമിത് ഷായും ബിനോയ് വിശ്വവും തമ്മിൽ രാജ്യസഭയിൽ തർക്കമുണ്ടായി. നിയമം ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സിപിഐ അംഗം ബിനോയ് വിശ്വം ആരോപിച്ചു. എന്നാൽ ഒരു നിയമവും ദുരുപയോഗം ചെയ്യുന്നില്ലെന്ന് അമിത് ഷാ മറുപടി നൽകി. രാഷ്ട്രീയ കൊലപാതകം നടക്കുന്ന കേരളത്തിൽ നിന്നുള്ള അംഗമായ ബിനോയ് വിശ്വത്തിന് അങ്ങനെ പറയാൻ അവകാശമില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 

ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരാകുന്നവരുടേതടക്കം ജൈവ സാമ്പിളുകള്‍ ശേഖരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. സാമ്പിളുകൾ നല്‍കാന്‍ വിസമ്മതിച്ചാല്‍ കുറ്റമായി കണക്കാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം ലോക്സഭയിലും ബില്‍ പാസായിരുന്നു.  രാഷ്ട്രപതി കൂടി ഒപ്പ് വയ്ക്കുന്നതോടെ നിയമമാകും. 

PREV
Read more Articles on
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി