തൊഴിൽ നിയമഭേദഗതി പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

By Web TeamFirst Published Sep 23, 2020, 2:23 PM IST
Highlights

സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നടപടികൾ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.പാർലമെൻറിൻറെ അന്തസ്സ് ഉയർത്തിപിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തത്.

ദില്ലി: തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിൻ്റെ ആവശ്യം വെങ്കയ്യ നായിഡു തള്ളി. തൊഴിൽ ബില്ലിന് പിന്നാലെ ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ കൂടി പാസാക്കിയതിന് പിന്നാലെ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 

സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നടപടികൾ അവസാനിപ്പിച്ചു കൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. പാർലമെൻറിൻറെ അന്തസ്സ് ഉയർത്തി പിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തത്. ബഹിഷ്ക്കരണത്തിലൂടെ ബില്ലുകൾ തടുക്കാൻ ആരെയും അനുവദിക്കാനാവില്ല.  പ്രതിഷേധിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ടെന്നും എന്നാൽ അതു പരിധിവിടാതെ നോക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യ തൊഴിൽ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴിൽ ചട്ട ഭേദഗതിയാണ് ഇന്ന് രാജ്യസഭ പാസാക്കിയത്. 44 തൊഴിൽ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിക്കുന്നതാണ് ബില്ലുകൾ. വ്യവസായിക രംഗത്ത് അനുകൂല്യസാഹചര്യം ഒരുക്കൽ ലക്ഷ്യമിട്ടാണ് തൊഴിൽ നിയമങ്ങൾ ഏകീകരിച്ചതെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിശദീകരണം. 

ചെറുകിട വ്യവസായ സംരംഭങ്ങളിലെ തൊഴിൽ വ്യവസ്ഥകൾക്ക് പുതിയ ബില്ലിൽ കാര്യമായ ഇളവുകളുണ്ട്. 300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലിന് തൊഴിലുടമകൾക്ക് സ്വാതന്ത്ര്യം പുതിയ ബിൽ അനുവദിക്കുന്നു.  പിരിച്ച വിടലിന് സര്‍ക്കാരിന്‍റെ മുൻകൂര്‍ അനുമതി വാങ്ങേണ്ടതില്ല.

തൊഴിൽ യൂണിയനുകൾക്കും മിന്നൽ സമരങ്ങൾക്കും ബില്ലിൽ നിയന്ത്രണമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെയും സാമൂഹിക സുരക്ഷ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് യാത്രാബത്ത ഉറപ്പുവരുത്തേണ്ടത് തൊഴിൽ ദാതാവായിരിക്കും. പുതിയ ബിൽ പ്രകാരം ദൃശ്യമാധ്യമങ്ങൾ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് നിയമത്തിന്‍റെ പരിധിയിലാകും ഇതോടെ വേജ് ബോര്‍ഡ് നിയമം ഇല്ലാതായി.

നിശ്ചയിച്ചതിലും എട്ട് ദിവസം ബാക്കി നിൽക്കേയാണ് പാർലമെൻ്റ് സമ്മേളനം വെട്ടിചുരുക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ലോക്സഭ
പാസാക്കിയ തൊഴിൽ നിയമ ഭേദഗതികൾ പാസാക്കിയ ശേഷം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.  ഇരുസഭകളും ബഹിഷ്ക്കരിച്ച പ്രതിപക്ഷം പാർലമെൻറ് വളപ്പിൽ സംയുക്തമായി പ്രതിഷേധിച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെട്ടിച്ചുരുക്കാനുള്ള നിർദ്ദേശം ഉയർന്നത്. രാജ്യസഭയിലെ ബഹളത്തിൽ പ്രതിഷേധിച്ചുള്ള 24 മണിക്കൂർ ഉപവാസം ഉപാദ്ധ്യക്ഷൻ ഹരിവംശ് രാവിലെ അവസാനിപ്പിച്ചു. ഇന്നലെ ലോക്സഭ പാസ്സാക്കിയ തൊഴിൽ നിയമങ്ങൾ ഉദാരമാക്കുന്ന മൂന്ന് ചട്ടങ്ങൾ ഇന്ന് രാജ്യസഭയുടെ പരിഗണനയിലേക്ക് കൊണ്ടു വന്നു. 

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതി രാജ്യസഭയും പാസ്സാക്കി. കേരളത്തിൽ വിദേശ സംഭാവന മതപരിവർത്തനത്തിന്
ഉപയോഗിക്കുന്നു എന്ന് ബിജെപി എംപി അരുൺ സിംഗ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിൽ ആരോപിച്ചു. പ്രതിപക്ഷത്തിൻറെ അസാന്നിധ്യത്തിൽ ബില്ലുകൾ പാസാക്കിയത് അധാർമ്മികമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഇന്നലെ ഏഴ്, ഇന്ന് അഞ്ച് അങ്ങനെ ബില്ലുകളുടെ പെരുഴയാണ് പാർലമെൻ്റിൽ കണ്ടതെങ്കിലും  ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ സമവായത്തിലെത്താതെയാണ് പാർലമെനറ് സമ്മേളനം അവസാനിക്കുന്നത്. 

click me!