മോശം കാലാവസ്ഥ: രാഷ്ട്രപതി കാര്‍ഗിലില്‍ എത്തില്ല, ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് മടങ്ങും

By Web TeamFirst Published Jul 26, 2019, 9:49 AM IST
Highlights

രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ പ്രതികരണം. 

ദില്ലി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പ്രധാനമന്ത്രിയും രാഷട്രപതിയും അനുസ്മരിച്ചു. കാർഗിൽ വിജയ ദിവസം സൈനികരുടെ ധൈര്യവും അർപ്പണ ബോധവും ഓർമിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് ദില്ലിയിലെ ദേശിയ യുദ്ധ സ്മാരകത്തിൽ എത്തി രക്തസാക്ഷികൾക്ക് ആദരവ് അർപ്പിച്ചു. 

അതേസമയം കാര്‍ഗില്‍ വിജയ ദിവസത്തിന്‍റെ ഭാഗമായി ദ്രാസില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി എത്തില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്‍റ്ററിന് ശ്രീനഗറില്‍ നിന്നും ദ്രാസിലേക്ക് പറക്കാനാവാത്തതാണ് കാരണം. ശ്രീനഗറില്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച് രാഷ്ട്രപതി മടങ്ങിയേക്കും. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ദ്രാസിലേക്ക് എത്തില്ല. അതേസമയം ദ്രാസില്‍ എത്തിയ സൈനിക മേധാവികള്‍ സൈനികര്‍ക്ക് ആദരം അര്‍പ്പിക്കും. 

നുഴഞ്ഞുകയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിയന്ത്രണരേഖയ്‍ക്ക് അപ്പുറത്തേക്ക്  തുരത്തി 1999 ജൂലൈ 26നാണ് ഇന്ത്യൻ സൈന്യം കാർഗിൽ മലനിരകൾ തിരികെപ്പിടിച്ചത്. പാക്കിസ്ഥാന്‍ കീഴടക്കിയ കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ ഇന്ത്യന്‍ സൈന്യം യുദ്ധം ആരംഭിച്ചത് 1999 മേയ് അഞ്ചിനാണ്. മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തിനൊടുവില്‍ ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിക്കുകയായിരുന്നു.

click me!