
ചണ്ഡിഗഢ്: പഞ്ചാബില്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് രാം സിയാ കേ ലവ കുശ് സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. വാല്‍മീകി സമുദായത്തിന്‍റെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് സീരിയല്‍ നിര്‍ത്തിവെച്ചത്. സീരിയലിനെതിരെയുള്ള പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെയാണ് നടപടി.
കഴിഞ്ഞ ദിവസം ജലന്ധറില്‍ പ്രതിഷേധത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റിരുന്നു. ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ച് വാല്‍മീകി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് സീരിയല്‍ ചെയ്യുന്നതെന്ന് വാല്‍മീകി ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. സീരിയല്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നും സംവിധായകനെയും നിര്‍മാതാവിനെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
സമരം പലയിടത്തും സംഘര്‍ഷത്തിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസം ജലന്ധര്‍, അമൃത്‍സര്‍, ഹോഷിയാര്‍പുര്‍, കപൂര്‍ത്തല തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ ബന്ദിന് ആഹ്വാനം ചെയ്തു. പലയിടത്തും കല്ലേറും ആക്രമണങ്ങളും അരങ്ങേറി. ജലന്ധര്‍-അമൃത്‍സര്‍ ദേശീയപാത പ്രതിഷേധക്കാര്‍ തടഞ്ഞു. അക്രമം നിയന്ത്രണ വിധേയമല്ലാതായതോടെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇടപെട്ടത്.
സീരിയല്‍ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകനെയും നിര്‍മാതാവിനെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ മതനേതാക്കളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam