അയോധ്യ പരാമർശം: വീടൊഴിയണമെന്ന് റസിഡന്‍സ് അസോസിയേഷൻ, താനവിടെയല്ല താമസിക്കുന്നതെന്ന് മണിശങ്കർ അയ്യറുടെ മകൾ

Published : Feb 01, 2024, 12:22 PM IST
അയോധ്യ പരാമർശം: വീടൊഴിയണമെന്ന് റസിഡന്‍സ്  അസോസിയേഷൻ, താനവിടെയല്ല താമസിക്കുന്നതെന്ന് മണിശങ്കർ അയ്യറുടെ മകൾ

Synopsis

"എന്‍റെ വീട്ടിൽ സമാധാനപരമായി ഉപവസിച്ചുകൊണ്ട് ഞാൻ എന്‍റെ വേദന പ്രകടിപ്പിച്ചു" എന്നാണ് സുരണ്യയുടെ പ്രതികരണം.

ദില്ലി: തന്നോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട ദില്ലിയിലെ റെസിഡന്‍സ് അസോസിയേഷന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ മകൾ സുരണ്യ അയ്യർ. താന്‍ താമസിക്കുന്നത്  പ്രസ്തുത റെസിഡന്‍സ് അസോസിയേഷനുള്ള സ്ഥലത്തല്ലെന്ന് സുരണ്യ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ഉപവാസം നടത്തുമെന്ന സുരണ്യയുടെ പരാമർശം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് റെസിഡന്‍സ് അസോസിയേഷൻ താമസം മാറ്റാന്‍ ആവശ്യപ്പെട്ടത്.   

തെക്ക് കിഴക്കൻ ദില്ലിയിലെ ജംഗ്പുരയിലെ റെസിഡന്‍സ് അസോസിയേഷനാണ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ സുരണ്യക്കുമെതിരെ രംഗത്തെത്തിയത്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ സംബന്ധിച്ച സുരണ്യയുടെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് കോളനിയിലെ താമസക്കാര്‍ പരാതിപ്പെട്ടു എന്നാണ് റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി നോട്ടീസില്‍ പറഞ്ഞത്. സുരണ്യ വിദ്വേഷ പ്രസംഗം നടത്തി എന്നാണ് ആരോപണം. നല്ല പൗരന്‍റെ ഉത്തരവാദിത്തം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. വിഭജനത്തിന് ശേഷം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയവരാണ് കോളനിയിലെ താമസക്കാര്‍. മകളുടെ പരാമര്‍ശത്തെ അപലപിക്കാന്‍ മണിശങ്കര്‍ അയ്യര്‍ തയ്യാറല്ലെങ്കില്‍ കോളനിയില്‍ നിന്ന് താമസം മാറണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

അയോധ്യ രാമക്ഷേത്രത്തിലെ 'പ്രാണപ്രതിഷ്ഠ' ദിനത്തില്‍ താൻ നിരാഹാരമിരിക്കുമെന്ന് സുരണ്യ പറഞ്ഞതിനെ ചൊല്ലിയാണ് വിവാദം. മുസ്‌ലിം സഹോദരങ്ങളോടുള്ള സ്‌നേഹവും ദുഃഖവും പങ്കുവെച്ചാണ് താനിങ്ങനെ ചെയ്യുന്നതെന്നും സുരണ്യ വ്യക്തമാക്കുകയുണ്ടായി. സുരണ്യയുടെ പ്രതികരണം വിദ്യാസമ്പന്നയായ ഒരു വ്യക്തിക്ക് യോജിച്ചതല്ലെന്നാണ് അസോസിയേഷന്‍റെ പ്രതികരണം. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിച്ചതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. 

"എന്‍റെ വീട്ടിൽ സമാധാനപരമായി ഉപവസിച്ചുകൊണ്ട് ഞാൻ എന്‍റെ വേദന പ്രകടിപ്പിച്ചു" എന്നാണ് സുരണ്യയുടെ പ്രതികരണം. "ഞാൻ താമസിക്കാത്ത ഒരു കോളനിയിലേതാണ് ആ റസിഡന്‍റ്സ് വെൽഫെയർ അസോസിയേഷൻ!" എന്നും സുരണ്യ പ്രതികരിച്ചു. അതേസമയം 
ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്കുള്ള സന്ദേശമാണ് റെസിഡന്‍സ് അസോസിയേഷന്‍ നല്‍കിയതെന്ന് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ പ്രതികരിച്ചു. 

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ