Latest Videos

'ടോക്കൺ എടുത്തു, ഭക്ഷണം കിട്ടും മുൻപ് സ്‌ഫോടനം, പണം തിരികെ വേണം?' കഫേ അധികൃതരോട് ഉപഭോക്താവ്

By Web TeamFirst Published Mar 2, 2024, 4:57 PM IST
Highlights

ടോക്കണ്‍ എടുത്ത് ഭക്ഷണത്തിന് കാത്തിരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്നും മുന്‍കൂറായി നല്‍കിയ പണം തിരികെ ലഭിക്കുമോയെന്നാണ് ഉപഭോക്താവിന്റെ ചോദ്യം.

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് നഗരവും നഗരവാസികളും. ഇതിനിടയില്‍ സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയും സംഭവസമയത്ത് കഫേയിലുണ്ടായിരുന്ന ഒരാളുടെ ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ടോക്കണ്‍ എടുത്ത് ഭക്ഷണത്തിന് കാത്തിരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്നും മുന്‍കൂറായി നല്‍കിയ പണം തിരികെ ലഭിക്കുമോയെന്നാണ് ഉപഭോക്താവിന്റെ ചോദ്യം. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായ സഞ്ജയ് രാജ് ആണ് ഈ സംഭവം എക്‌സിലൂടെ പങ്കുവച്ചത്. 

സഞ്ജയ് രാജ് പറഞ്ഞത്: 'ഞാന്‍ രാമേശ്വരം കഫേ സ്‌ഫോടനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ഒരാളെ അഭിമുഖം ചെയ്തു. സംഭവ സമയത്ത് അദ്ദേഹം സ്ഥലത്തുണ്ടായിരുന്നെന്നും കൗണ്ടറില്‍ നിന്ന് ഭക്ഷണത്തിനുള്ള ടോക്കണ്‍ വാങ്ങുകയായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ഭക്ഷണം ലഭിക്കുന്നതിന് മുന്‍പ് കഫേയില്‍ സ്‌ഫോടനം നടന്നു. അഭിമുഖത്തിന് ശേഷം അദ്ദേഹം എന്നോട് അന്വേഷിച്ചത്, കഫേ അധികൃതര്‍ തന്റെ പണം തിരികെ നല്‍കുമോ എന്നാണ്.' എക്‌സിലെ ഈ പോസ്റ്റില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്രയും ദാരുണമായ സംഭവം നടന്നിട്ട് ഭക്ഷണത്തിന്റെ പണം തിരികെ ചോദിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നുയെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതേസമയം, കഴിക്കാന്‍ സാധിക്കാത്ത ഭക്ഷണത്തിന്റെ പണം തിരികെ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മറ്റൊരു വിഭാഗവും ചോദിക്കുന്നു. 

അതേസമയം, കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. ധാര്‍വാഡ്, ഹുബ്ബള്ളി, ബംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. 

പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. പരുക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കര്‍ണപുടം തകര്‍ന്ന നിലയിലാണ്. അപകടനില തരണം ചെയ്‌തെങ്കിലും കേള്‍വി ശക്തി നഷ്ടമായേക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ് ഫീല്‍ഡിനടുത്തുള്ള ബ്രൂക്ക് ഫീല്‍ഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.56നാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകള്‍ വന്ന് പോകുന്ന ഉച്ച ഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും സ്‌ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. 

'കേരളം പൊറുക്കില്ല, പരിഹാസത്തിന്റെ ഡയലോഗ്': കോയമ്പത്തൂർ സ്വദേശിയുടെ കുഞ്ഞിന് ചികിത്സ ഉറപ്പാക്കുമെന്ന് ഗോവിന്ദൻ 
 

click me!