'അഞ്ച് ഖുര്‍ ആന്‍ വിതരണം ചെയ്യണം'; മതവിദ്വേഷം പ്രചരിപ്പിച്ച 19 കാരിക്ക് കോടതിയുടെ ശിക്ഷ

By Web TeamFirst Published Jul 16, 2019, 5:35 PM IST
Highlights

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റിച്ച ഭാരതി എന്ന വിദ്യാര്‍ഥിയോടാണ് കോടതി ഖുര്‍ ആന്‍ വാങ്ങി ചെയ്യാന്‍ നിര്‍ദേശിച്ചത്. 

റാഞ്ചി: മതവിദ്വേഷം പ്രചരിപ്പിച്ച 19കാരിക്ക് റാഞ്ചി കോടതിയുടെ വിചിത്ര ശിക്ഷ. അഞ്ച് ഖുര്‍ ആന്‍ വിതരണം ചെയ്യാനാണ് കോടതി നിര്‍ദേശിച്ചത്. ഒരെണ്ണം അന്‍ജുമാന്‍ ഇസ്ലാമിയ കമ്മിറ്റിക്കും ബാക്കി നാലെണ്ണം വിവിധ സ്കൂള്‍ ലൈബ്രറികള്‍ക്കും നല്‍കാനാണ് നിര്‍ദേശം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റിച്ച ഭാരതി എന്ന വിദ്യാര്‍ഥിയോടാണ് കോടതി ഖുര്‍ ആന്‍ വാങ്ങി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മനീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്. 

ശനിയാഴ്ചയാണ് സോഷ്യല്‍മീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് റിച്ചയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സന്ദേശങ്ങള്‍ മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പൊലീസ് കണ്ടെത്തി. റിച്ചയുടെ അറസ്റ്റിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇരുമതവിഭാഗങ്ങളിലെയും നേതാക്കള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് റിച്ചക്ക് കോടതി ജാമ്യം നല്‍കിയത്. കോടതി നല്‍കിയ 15 ദിവസത്തിനുള്ളില്‍ നിര്‍ദേശം നടപ്പാക്കാമെന്ന് റിച്ചയുടെ അഭിഭാഷകന്‍ റാം പ്രവേഷ് കോടതിക്ക് ഉറപ്പു നല്‍കി. കോടതി വിധിക്കെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തുവന്നു. 

click me!