
പത്തനംതിട്ട: റാന്നിയിലെ ജാതി അധിക്ഷേപ കേസിലെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന ഹൈക്കോടതിയുടെ നിലപാടിനെതിരെ സുപ്രീം കോടതി. കേസിൽ ഹൈക്കോടതിയുടെ നിർദേശങ്ങൾ തല തിരിഞ്ഞതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ പരാതിക്കാരായ ദളിത് വിഭാഗത്തിൽ പെട്ടവർക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ദളിത് വിഭാഗത്തിൽ പെട്ടവർ ഉപയോഗിച്ചിരുന്ന റാന്നി മന്ദമരുതിയിലെ പഞ്ചായത്ത് പൊതു കിണർ ഇടിച്ചു നിരത്തിയ കേസിലെ ഒന്നാം പ്രതി ബൈജു സെബാസ്റ്റ്യന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ രണ്ട് ആഴ്ചത്തെ സമയം കേരള ഹൈക്കോടതി അനുവദിച്ചിരുന്നു. കീഴടങ്ങിയാൽ ഉടൻ ബൈജു സെബാസ്റ്റ്യനെ വിചാരണ കോടതിയിൽ ഹാജരാക്കണമെന്നും ബൈജുവിന്റെ ജാമ്യാപേക്ഷ വിചാരണ കോടതി ഉടൻ പരിഗണിക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വി ആർ മോഹനൻ ഉൾപ്പടെയുള്ള വ്യക്തികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പട്ടിക ജാതി പീഡനം തടയല്‍ നിയമം ഉള്‍പ്പടെ ചുമത്തിയിട്ടുള്ള കേസിലെ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാതെ കോടതിയില്‍ ഹാജരാക്കി ജാമ്യഹര്‍ജി നല്‍കാന്‍ അനുവദിക്കുന്ന ഉത്തരവ് തെറ്റാണെന്ന് മോഹനന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം.ആര്‍. അഭിലാഷ് വാദിച്ചു. പട്ടിക ജാതി പീഡനം തടയല്‍ നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ല. എന്നിട്ടും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം പരിഗണിച്ചെന്ന് അഭിലാഷ് കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ച കോടതി ഹൈക്കോടതി നിലപാട് തെറ്റാണെന്ന് വ്യക്തമാക്കിയെങ്കിലും ഹൈക്കോടതി, കീഴടങ്ങാന്‍ പ്രതിക്ക് അനുവദിച്ച സമയപരിധി കഴിഞ്ഞതിനാല്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജി തീര്‍പ്പാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam